ലണ്ടന്‍: യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ ജീവനക്കാര്‍ നടത്തുന്ന ലൈംഗികാതിക്രങ്ങളില്‍ വന്‍ വര്‍ദ്ധന. 2011-12 അദ്ധ്യയന വര്‍ഷം മുതല്‍ 2016-17 വരെ 169 പരാതികള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. അധ്യാപരും അനധ്യാപകരുമുള്‍പ്പെടെയുള്ള ജീവനക്കാരില്‍ നിന്നാണ് ഈ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നതെന്ന് പരാതികളില്‍ വ്യക്തമാകുന്നു. 127 പരാതികള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ജീവനക്കാര്‍ തന്നെ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒട്ടേറെപ്പേര്‍ ഭീഷണികള്‍ മൂലവും സ്വാധീനങ്ങള്‍ മൂലവും പരാതി നല്‍കാന്‍ തയ്യാറാവാതിരിക്കുകയും ചില സംഭവങ്ങളിൽ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലൈംഗികാതിക്രമങ്ങളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയേക്കാള്‍ കൂടുതലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ജീവനക്കാരുടെ പ്രവണത പകര്‍ച്ചവ്യാധി പോലെ പടരുകയാണെന്ന് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന നിയമസ്ഥാപനത്തിന്റെ പ്രതിനിധിയായ ഡോ. ആന്‍ ഒലിവേരിയസ് പറയുന്നു. വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കാന്‍ സര്‍വകലാശാലകള്‍ക്ക് ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ലെന്നും ഇവര്‍ പറയുന്നു.

ഇത്തരം സംഭവങ്ങളില്‍ പരാതി പറയാന്‍ എത്തുന്നവരെ മറ്റു ജീവനക്കാര്‍ തന്നെയാണ് പിന്തിരിപ്പിക്കാറുള്ളത്. പരാതികള്‍ നല്‍കിയാല്‍ അതുമൂലമുണ്ടാവാനിടയുള്ള ‘ദോഷഫല’ങ്ങളേക്കുറിച്ച് ഇവര്‍ താരതമ്യേന പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥികളോട് വിവരിക്കുന്നു. ഇതു കൂടാതെ തങ്ങളുടെ സ്ഥാപനത്തിന് ദോഷപ്പേരുണ്ടാവരുതെന്ന് വിചാരിക്കുന്ന സര്‍വകലാശാലാ നേതൃത്വം ഇത്തരം കേസുകള്‍ കണ്ടില്ലെന്നു നടിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സര്‍വകലാശാലയുടെ കേന്ദ്ര ഭരണസമിതിക്ക് 10 പരാതികളും കോളേജുകളില്‍ 11 പരാതികളും ലഭിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കെതിരെ ജീവനക്കാര്‍ നല്‍കിയ പരാതികളുടെ എണ്ണത്തിലും ഓക്‌സഫോര്‍ഡ് തന്നെയാണ് മുന്നില്‍. 17 എണ്ണം സര്‍വകലാശാല ആസ്ഥാനത്തും മൂന്നെണ്ണം കോളേജുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കേംബ്രിഡ്ജ് രണ്ടാം സ്ഥാനത്തും പോര്‍ട്‌സ്മൗത്ത്, എക്‌സെറ്റര്‍, യോര്‍ക്ക് തുടങ്ങിയവ പിന്നാലെയുമുണ്ട്. അഞ്ചു സര്‍വകലാശാലകള്‍ മാത്രമാണ് പരാതി നല്‍കിയവര്‍ക്ക് അത് തീര്‍പ്പാക്കി നല്‍കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തിട്ടുള്ളത്.