തിരുവനന്തപുരം: ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധത്തിനിടയില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‌സില്‍ അധ്യക്ഷന്‍ ടി.പി. ശ്രീനിവാസനെ മര്‍ദിച്ച തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജെ.എസ്. ശരത്തിനെ എസ്എഫ്‌ഐ പുറത്താക്കി. മര്‍ദ്ദനം അതിരുവിട്ട നടപടിയായെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. നേതാവിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലും ഇത്തരം സംഭവമുണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എസ്എഫ്‌ഐ സംഘടനാ തലത്തില്‍ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
കുറ്റക്കാരനെതിരേ കേസ് എടുക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. വ്യക്തികളെ കയ്യേറ്റം ചെയ്തുകൊണ്ടല്ല നയത്തെ എതിര്‍ക്കേണ്ടതെന്നും വിഎസ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം ഇയാളെ പുറത്താക്കിയത്. ശ്രീനിവാസനെ മര്‍ദിച്ച സംഭവത്തില്‍ സിപിഐഎമ്മിനെ രാഷ്ട്രീയമായി ദോഷം ചെയ്യുന്ന രീതിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒരു ദിവസം പിന്നിട്ട ശേഷം നേതാക്കളുടെ പരസ്യ പ്രതികരണവും എസ്എഫ്‌ഐയുടെ നടപടിയും. ഇന്നലെ സംഭവം നടന്നതിനു പിന്നാലെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സംഭവത്തില്‍ ക്ഷമചോദിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടി.പി.ശ്രീനിവാസന്‍ വിദേശ ഏജന്റാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. അദ്ദേഹം നല്ലൊരു അംബാസിഡര്‍ മാത്രമാണ്, വിദ്യാഭ്യാസ വിചക്ഷണന്‍ ആണെന്ന അഭിപ്രായം ഇല്ലെന്നും പിണറായി പറഞ്ഞു. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ട ശേഷമാണ് പിണറായി മര്‍ദനത്തെ അപലപിച്ചത്. മര്‍ദനത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയുന്നതിന് മുമ്പായിരുന്നു തന്റെ ഇന്നലെയുള്ള ആദ്യ പ്രതികരണമെന്നും പിണറായി വിശദീകരിച്ചു.