ന്യൂസ് ഡെസ്ക് മലയാളം യുകെ

പുരാതന കാലം തൊട്ട് അലോവേര അഥവാ കറ്റാർവാഴ പലവിധ രോഗങ്ങളുടെയും പ്രതിവിധിയായി ഉപയോഗിച്ചിരുന്നു. ചർമ്മ സംരക്ഷണത്തിനും മുടിയുടെ വളർച്ചയ്ക്കും ആയുർവേദം നിഷ്കർഷിച്ചിരുന്ന ഒരു പ്രധാനപ്പെട്ട മരുന്നാണ് കറ്റാർവാഴ. ഒട്ടേറെ ആധുനിക ചർമ്മ സംരക്ഷണ ഉത്പന്നങ്ങളിലാണ് കറ്റാർവാഴ അടങ്ങിയിരിക്കുന്നത്. അലോവേര ജെൽ, അലോവേര മോയ്സചറൈസുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഉൽപ്പന്നങ്ങളാണ് കറ്റാർവാഴ പോലെയുള്ള ഔഷധമൂല്യങ്ങളെ ഉപയോഗപ്പെടുത്തി വിപണിയിലുള്ളത്.

എന്നാൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്ന പുതിയ വിവരങ്ങൾ അലോവേര പ്രേമികളെ ഞെട്ടിപ്പിക്കുന്നതാണ്. ലെഡ് , എക്‌സ്‌ഹോസ്റ്റ് പുക എന്നിവ പോലെ അലോവേരയും ക്യാൻസറിന് കാരണമാകാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ . അതുകൊണ്ട് തന്നെ ക്യാൻസറിന് കാരണമാകുന്ന 300 അധികം വസ്തുക്കളുടെ പട്ടികയിൽ അലോവേരെയും ചേർത്തു കഴിഞ്ഞു. ദൈനംദിന ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ , മൗത്ത് വാഷുകൾ, ടൂത്ത് പേസ്റ്റുകൾ എന്നിവ ഉൾപ്പെടെ മാർക്കറ്റിൽ ലഭ്യമായ ഒട്ടേറെ പ്രോഡക്ടുകളിൽ അലോവേര അടങ്ങിയിട്ടുണ്ട് . അലവേര അർബുദത്തിന് കാരണമാകുമെന്ന ഡബ്യു എച്ച് ഒ യുടെ വെളിപ്പെടുത്തലിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനാണ് സാധ്യത.

ലോകത്തിൽ മൊത്തം അലോവേര ഉത്പന്നങ്ങളുടെ മാർക്കറ്റ് ഏകദേശം 1.2 ബില്യൺ പൗണ്ട് ആണ് . എല്ലാ വർഷവും അലോവേര അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങളുടെ ഡിമാൻഡ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . 2013ൽ കറ്റാർവാഴയുടെ ദൂഷ്യവശത്തെ കുറിച്ച് പഠിക്കുന്ന ഗവേഷകർ കറ്റാർവാഴ അടങ്ങിയ വെള്ളം എലികൾക്ക് നൽകി. രണ്ടു വർഷങ്ങൾക്കുശേഷം എലികളിൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി. കുറഞ്ഞ അളവിൽ കറ്റാർവാഴ അടങ്ങിയ ഭക്ഷണം കഴിച്ച മൃഗങ്ങളിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി ഉയർന്ന അളവിൽ അലോവേര അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.