ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പുതിയ ഹോം സെക്രട്ടറിയായി നിയമിതയായ ഷബാനാ മഹ്മൂദിൻ്റെ മുന്നിലുള്ളത് ഒട്ടേറെ വെല്ലുവിളികൾ ആണെന്ന റിപ്പോർട്ടുകൾ ആണ് ചർച്ചയായിരിക്കുന്നത്. ആദ്യമായി ആണ് ഒരു മുസ്ലിം വനിത ഈ സ്ഥാനത്ത് എത്തുന്നത് . കുടിയേറ്റ നിയന്ത്രണം, ദേശീയ സുരക്ഷ, പൊലീസ് കാര്യങ്ങൾ തുടങ്ങിയവയാണ് അവർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. ചെറിയ ബോട്ടുകളിലൂടെ ചാനൽ കടന്ന് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക, ഹോട്ടലുകളിൽ താമസിപ്പിക്കുന്ന അഭയാർത്ഥികളുടെ പ്രശ്നം പരിഹരിക്കുക, നെറ്റ് മൈഗ്രേഷൻ കുറയ്ക്കുക തുടങ്ങിയ വിഷയങ്ങങ്ങളിൽ അവർ എന്ത് നിലപാട് എടുക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ലേബർ പാർട്ടി തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത പോലെ അഭയാർത്ഥികളെ താമസിപ്പിക്കാൻ ഹോട്ടൽ സംവിധാനത്തിന് പകരമായി ഉപേക്ഷിച്ച സൈനിക ക്യാമ്പുകൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ, ഗോഡൗണുകൾ എന്നിവ നടപ്പാക്കാൻ മഹ്മൂദ് ശ്രമിക്കും. അപേക്ഷകളുടെ വേഗത്തിലുള്ള തീർപ്പ്, അപ്പീൽ സംവിധാനത്തിൽ കൂടുതൽ കാര്യക്ഷമമായ മാറ്റം കുറയ്ക്കൽ എന്നിവയും അവർ നടപ്പാക്കാൻ ശ്രമിക്കുമെന്നാണ് കരുതപ്പെടുന്നത് . അതേസമയം, സ്റ്റഡി വിസയും ജോലിയുമായി ബന്ധപ്പെട്ട വിസകളും കർശനമാക്കുകയും, ഇംഗ്ലീഷ് ഭാഷാ പരീക്ഷ നിർബന്ധമാക്കുകയും ചെയ്ത് ഏകദേശം ഒരു ലക്ഷത്തോളം കുടിയേറ്റക്കാരെ കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
പാലസ്തീൻ ആക്ഷൻ സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത് മഹ്മൂദിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായേയ്ക്കും. ഈ സംഘടനക്കെതിരെ നടപടി ശക്തിപ്പെടുത്തണമോയെന്ന് അവർ തീരുമാനിക്കേണ്ടി വരും. ലേബറിന്റെ ഇസ്രയേൽ-ഗാസ സംഘർഷത്തിലെ നിലപാട് കാരണം പല മണ്ഡലങ്ങളിലും വോട്ടുകൾ കുറഞ്ഞത് ലേബർ പാർട്ടിയെ കടുത്ത സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മഹ്മൂദിന്റെ ഭൂരിപക്ഷം 3,500-ൽ താഴെയായി കുറഞ്ഞിരുന്നു. പാലസ്തീൻ ആക്ഷനെതിരെ സർക്കാർ സ്വീകരിച്ച നടപടിയെ അന്യായമെന്നാണ് ആയിരക്കണക്കിന് ആളുകൾ ആരോപിക്കുന്നത്. “ഞാൻ കൂട്ടക്കൊലയെ എതിർക്കുന്നു, പാലസ്തീൻ ആക്ഷനെ പിന്തുണയ്ക്കുന്നു” എന്നെഴുതിയ പ്ലക്കാർഡുകളുമായി നൂറുകണക്കിന് പേർ പാർലമെന്റ് സ്ക്വയറിൽ പ്രതിഷേധത്തിനിറങ്ങിയിരുന്നു. പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും ഈ പ്രതിഷേധം തുടരുകയാണ് . വ്യാപകമായ രാഷ്ട്രീയ ചര്‍ച്ചകൾക്കും പൊതുജനരോഷത്തിനും വഴിതെളിക്കുന്നു. ഈ വിഷയത്തിൽ മുൻ ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് തുടരുമോ, ഇല്ലെങ്കിൽ ജനാഭിപ്രായത്തെ ആശ്രയിച്ച് മാറ്റങ്ങളുണ്ടാകുമോ എന്നത് തന്നെയാണ് ഷബാനാ മഹ്മൂദിന്റെ നേതൃത്വത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി കണക്കാക്കപ്പെടുന്നത്.
Leave a Reply