സിറിയയില്‍ നിന്ന് എത്തിയ അഭയാര്‍ത്ഥി കുടുംബത്തിലെ 15 കാരന് സ്‌കൂളില്‍ മര്‍ദ്ദനം. ഹഡേഴ്‌സ്ഫീല്‍ഡിലെ ആല്‍മന്‍ഡ്ബറി സ്‌കൂളിലാണ് ജമാല്‍ എന്ന പതിനഞ്ചുകാരനെ മറ്റൊരു വിദ്യാര്‍ത്ഥി ഗ്രൗണ്ടില്‍ തള്ളിയിടുകയും മുഖത്ത് വെള്ളമൊഴിക്കുകയുമായിരുന്നു. ഈ ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും അഭയാര്‍ത്ഥി ബാലനെതിരെ നടന്ന ആക്രമണത്തില്‍ വലിയ ജനരോഷം ഉടലെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം വ്യാഴാഴ്ച ജമാല്‍ സ്‌കൂളിലെത്തി. അച്ഛനുമൊത്താണ് ജമാല്‍ സ്‌കൂളില്‍ എത്തിയത്. സ്‌കൂളിന്റെ മുന്നില്‍ 30ഓളം ആക്ടിവിസ്റ്റുകള്‍ ജമാലിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വീഡിയോ പുറത്തു വന്നതിനു പിന്നാലെ ജമാലിനെത്തേടി നിരവധി സഹായങ്ങളാണ് എത്തിയത്. 1,35,000 പൗണ്ടോളം സഹായമായി ജമാലിന് ലഭിച്ചു.

തനിക്ക് പിന്തുണ തരികയും സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ജമാല്‍ പറഞ്ഞു. ആക്രമണത്തിനു ശേഷം ആദ്യമായാണ് ജമാല്‍ ജനങ്ങളുടെ മധ്യത്തില്‍ എത്തുന്നത്. ഹഡേഴ്‌സ്ഫീല്‍ഡ് സ്‌കൂളില്‍ ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ കുറ്റവാളിയാണ് ജമാല്‍ എന്ന് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്ന മുസ്ലീം വിരുദ്ധ സംഘടനയുടെ നേതാവ് ടോമി റോബിന്‍സണ്‍ പറഞ്ഞിരുന്നു. ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജമാലിന്റെ അഭിഭാഷകനായ തസ്‌നിം അകുന്‍ജി പറഞ്ഞു. ബ്രിട്ടീഷ് ഏഷ്യന്‍സ് എന്ന ഗ്രൂപ്പാണ് ജമാലിനു വേണ്ടി പ്രതിഷേധം സംഘടിപ്പിച്ചത്. സ്‌കൂളുകള്‍ കൂടുതല്‍ ആക്രമണ വിരുദ്ധ നയങ്ങള്‍ സ്വീകരിക്കണമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

മാതാപിതാക്കള്‍ക്കും സഹോദരിക്കും ഒപ്പം സിറിയയില്‍ നിന്ന് യുകെയിലേക്ക് പലായനം ചെയ്ത് എത്തിയതാണ് ജമാല്‍. ഹഡേഴ്‌സ്ഫീല്‍ഡില്‍ എത്തിയതിനു ശേഷമുള്ള രണ്ടു വര്‍ഷം ഇത്തരം ആക്രമണങ്ങള്‍ക്ക് നിരന്തരം വിധേയരായിക്കൊണ്ടിരിക്കുകയാണ് ഇവര്‍. ഭീഷണിയും ആക്രമണങ്ങളും വര്‍ദ്ധിച്ചു വരുന്നതിനാല്‍ സഹായമായി കിട്ടിയ പണം ഉപയോഗിച്ച് മറ്റെവിടേക്കെങ്കിലും മാറിത്താമസിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ജമാലിന്റെ കുടുംബം അറിയിച്ചിരുന്നു. ജമാലിന്റെ സഹോദരിക്കും നേരത്തേ സ്‌കൂളില്‍ ആക്രമണത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അക്രമികള്‍ കുട്ടിയുടെ ശിരോവസ്ത്രം അഴിച്ചെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.