പത്തനംതിട്ട: ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷു ഉത്സവ കാലത്ത് യുവതികളായ സ്ത്രീകള്‍ ദര്‍ശനം നടത്തിയത് വിവാദത്തില്‍. സ്ത്രീ പ്രവേശനം സംബന്ധിച്ച തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുകയും നിയമക്കുരുക്കില്‍ പെട്ടിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഉന്നതരുടെ ഒത്താശയോടെ യുവതികള്‍ ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഏപ്രില്‍ 11 ന് ആണ് പാലക്കാട് സ്വദേശികളായ ഒരു സംഘം യുവതികള്‍ ശബരിമലയിലെത്തിയത്. പത്താം തീയതി മുതലാണ് ശബരിമലയില്‍ വിഷു ഉത്സവം ആരംഭിച്ചത്.
പത്തിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല ക്ഷേത്ര സന്നിധിയില്‍ എത്തരുതെന്നാണ് ആചാരം. ഈ കീഴ് വഴക്കം തന്നെയാണ് പിന്തുടര്ന്നു പോരുന്നതും. എന്നാല്‍ ഇതെല്ലാം ലംഘിച്ച് യുവതികളുടെ സംഘം പമ്പയില്‍ നിന്നും തടസങ്ങളൊന്നുമില്ലാതെ മല കയറി. പമ്പ ഗണപതി കോവിലിനു താഴെയായി കാനന പാത ആരംഭിക്കുന്നതിനു തൊട്ടു മുന്‍പ് യുവതികളായ സ്ത്രീകളെ തടയുന്നതിന് നിയോഗിക്കപ്പെട്ട പോലീസ് ഇവരെ തടഞ്ഞില്ലെന്നാണ് ആക്ഷേപം.
ഇവര്‍ സോപാനത്തെത്തി വിഐപികളെ പോലെ ദര്‍ശനം നടത്തുകയും ചെയ്തു. ഇവര്‍ ദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് സന്നിധാനം പോലീസ് ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെങ്കിലും വയസ് തെളിയിക്കുന്നതിനുള്ള വ്യക്തമായ രേഖകള്‍ ഒന്നും ഹാജരാക്കാതെ ഇവര്‍ മടങ്ങിയെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ഉടമയും ശബരിമലയിലെ സ്ഥിരം സാന്നിധ്യവുമായ ആളാണ് യുവതികളായ സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം നടത്തുന്നതിനുള്ള സഹായം ചെയ്ത് കൊടുത്തതെന്നാണ് ആക്ഷേപം.
Leave a Reply