ലഖ്‌നൗ: സ്വതന്ത്രാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയ്ക്ക് കഴുമരം ഒരുങ്ങുന്നു. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലപാതക കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികള്‍ യുപിയില്‍ ആരംഭിച്ചു.

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതയുടെ വധശിക്ഷ നടപ്പിലാക്കുന്നത്. പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.

2008 ഏപ്രിലില്‍ ഷബ്നയും കാമുകന്‍ സലീമും ചേര്‍ന്ന് ഷബ്നയുടെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതായിരുന്നു കാരണം.

കേസില്‍ പിടിയിലായ ഇരുവര്‍ക്കും 2010 ജൂലൈയില്‍ ജില്ലാ കോടതി വധശിക്ഷക്ക് വിധിച്ചു. സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും തള്ളിപ്പോയി. ഇതോടെയാണ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷബ്‌നം നിലവില്‍ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവില്‍ കഴിയുന്നത്. എന്നാല്‍ മഥുരയിലെ ജയിലില്‍ വെച്ചാകും ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രം മഥുരയിലെ ജയിലിലാണുള്ളത്. 150 വര്‍ഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല.

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവന്‍ ജല്ലാദ് തന്നെയാണ് ഇവരെയും തൂക്കിലേറ്റുക. പവന്‍ രണ്ട് തവണ ജയിലിലെത്തി പരിശോധന നടത്തി. കഴുമരത്തിന്റെ ചില ഭാഗങ്ങളില്‍ അറ്റകുറ്റ പണിയും ചെയ്തിട്ടുണ്ട്. ബക്സറില്‍ നിന്നുള്ള കയറും ജയിലില്‍ എത്തിച്ചു.

മരണ വാറന്റ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ഷബ്‌നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മഥുര ജയില്‍ സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ പറഞ്ഞത്. ഇതിനുമുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ ജയിലില്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.