നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവുമധികം പണം നൽകിയ സ്ഥാനാർത്ഥി പാലക്കാട് മത്സരിച്ച ഷാഫി പറമ്പിലിന്. ത്രികോണ മത്സരം നടന്ന പാലക്കാട് പാർട്ടി 23 ലക്ഷം രൂപയാണ് ഷാഫിയുടെ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത്. തൃത്താലയിൽ പരാജയപ്പെട്ട വിടി ബൽറാമിന് വേണ്ടി പാർട്ടി പതിനെട്ടര ലക്ഷം രൂപയും ചെലവഴിച്ചതായാണ് റിപ്പോർട്ട്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പലരും വിലയിരുത്തിയിരുന്ന സ്റ്റാർ കാൻഡിഡേറ്റ് രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി വിഹിതമായി അഞ്ച് ലക്ഷം മാത്രമാണ് ലഭിച്ചത്.

കോൺഗ്രസ് ആകെ 23 കോടിയാണ് പ്രചാരണത്തിന് വേണ്ടി ചെലവാക്കിയത്. ഇതിൽ, 11 കോടി സ്ഥാനാർത്ഥികൾക്കും 16 കോടി പരസ്യത്തിനും ചെലവഴിച്ചു. അതേസമയം, തെരെഞ്ഞെടുപ്പിലേക്കായി കേരളത്തിൽ ഏറ്റവും കൂടുതൽ സംഭാവന കിട്ടിയത് സിപിഎമ്മിനാണ്. 58 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് ലഭിച്ചത്.

കോൺഗ്രസിന് 39 കോടിയും ബിജെപിക്ക് എട്ട് കോടിയുമാണ് സംഭാവനയായി ലഭിച്ചത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലഭിച്ച 58,86,38,762 രൂപയിൽ പരസ്യത്തിന് വേണ്ടി 17 കോടി സിപിഎം ചെലവഴിച്ചതായാണ് റിപ്പോർട്ട്. സ്ഥാനാർത്ഥികൾക്ക് നൽകിയത് നാല് കോടി 21 ലക്ഷമാണ്. ബേപ്പൂരിൽ മുഹമ്മദ് റിയാസിന് 22 ലക്ഷമാണ് ചെലവിനായി പാർട്ടി നൽകിയത്. ആർ ബിന്ദുവിന് 20 ലക്ഷം, വീണ ജോർജിന് 19 ലക്ഷം, ജെയ്ക്ക് സി തോമസിന് 16 ലക്ഷം എന്നിങ്ങനെയാണ് ചെലവാക്കിയത്.

കോൺഗ്രസ് താരപ്രചാരകരായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമായി ഹെലികോപ്റ്റർ, വിമാന യാത്രയ്ക്കായി മാത്രം ചെലവഴിച്ചത് രണ്ടര കോടിക്ക് മുകളിലാണ്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കേരളത്തിൽ എത്തിക്കാനായി 43 ലക്ഷം രൂപയാണ് ബിജെപി ചെലവഴിച്ചത്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ യോഗി ആദിത്യനാഥ് വന്ന് പോയതിന് 25 ലക്ഷം രൂപയായി. മൂന്ന് റാലികളിൽ പങ്കെടുത്ത മോഡിക്ക് വേണ്ടി ചെലവായത് 43 ലക്ഷം രൂപയാണ്.

15 ലക്ഷം വീതമാണ് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി ബിജെപി നൽകിയത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച അധ്യക്ഷൻ കെ സുരേന്ദ്രന് പാർട്ടി നൽകിയത് 40 ലക്ഷമാണ്. സ്ഥാനാർത്ഥികൾക്ക് ആകെ നൽകിയത് 9 കോടി 18 ലക്ഷം രൂപയാണ്. വിമാന യാത്രക്കും ഹെലികോപ്റ്റർ യാത്രക്കും മാത്രം ചെലവായത് രണ്ടേ മുക്കാൽ കോടി രൂപയുമാണ്.