ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ ലണ്ടനിലെ നിയമ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. സിനിമാരംഗത്തെ സംഭാവനകളും അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങളും മാനിച്ചാണ് സർവകലാശാലയുടെ ആദരം. 350ല്‍ പരം വിദ്യാർഥികളുടെ സാന്നിധ്യത്തില്‍ ഷാരൂഖ് ഡോക്ടറേറ്റ് ഡിഗ്രി ഏറ്റുവാങ്ങി. ബെഡ്പോര്‍ഷൈര്‍ സര്‍വകലാശാല, എഡിന്‍ബര്‍ഗ് സര്‍വകലാശാല എന്നിവര്‍ നേരത്തേ ഷാരൂഖിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

സ്നേഹവും സഹാനുഭൂതിയും നല്‍കേണ്ടതിന്റെ പ്രാധാന്യം വലുതാണെന്ന് ഷാരൂഖ് പ്രസംഗത്തിനിടെ പറഞ്ഞു. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളാണ് താന്‍ താന്‍ കണ്ട ഏറ്റവും ധീരരായ സമൂഹമെന്ന് അദ്ദേഹം പറഞ്ഞു. ഈ അംഗീകാരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷാരൂഖ് പ്രതികരിച്ചു. ലോകത്തിലെ പ്രമുഖമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ലണ്ടനിലെ നിയമ സര്‍വകലാശാലയില്‍ നിന്ന് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഷാരൂഖ് പറഞ്ഞു. സർവകലാശാലയിലെ വിദ്യാർഥികളുമായി ഷാരൂഖ് സംവദിച്ചു.

ഈയടുത്ത് ഷാരൂഖിന് ഡോക്ടറേറ്റ് നല്‍കാനുളള ജാമിയ മില്ലിയ സര്‍വകലാശാലയുടെ ശുപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ജാമിയ മില്ലിയ സര്‍വകലാശാല ഷാരൂഖിന് ഹോണററി ഡോക്ടറേറ്റ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്. ജാമിയ മില്ലിയ മാസ് കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്ററിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു ഷാരൂഖ് ഖാന്‍. എന്നാല്‍ ഹാജര്‍ നില കുറവായിരുന്നതിനാല്‍ അദ്ദേഹം പരീക്ഷ എഴുതിയിരുന്നില്ല.