ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം. ആനന്ദ് എൽ.റായ് ഷാരൂഖിനെ നായകനാക്കി ചെയ്യുന്ന സിനിമയുടെ സെറ്റിലായിരുന്നു അപകടം. സീലിങ്ങിന്റെ ഒരു ഭാഗം അടർന്നുവീഴുകയായിരുന്നു. അപകടസമയത്ത് ഷാരൂഖും ഉണ്ടായിരുന്നു. പരുക്കുകളൊന്നും കൂടാതെ ഷാരൂഖ് അദ്ഭുതകരമായി രക്ഷപ്പെട്ടു. മറ്റു ചിലർക്ക് ചെറിയ പരുക്കുകൾ പറ്റിയതായി റിപ്പോർട്ടുണ്ട്.
സംഭവത്തെക്കുറിച്ച് സംവിധായകൻ റായ് ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ചെറിയൊരു അപകടമായിരുന്നെന്നും ആർക്കും ഗുരുതര പരുക്കുകളില്ലെന്നും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. കുളളനായിട്ടാണ് ഷാരൂഖ് ചിത്രത്തിൽ അഭിനയിക്കുന്നത്. അനുഷ്ക ശർമ, കത്രീന കെയ്ഫ് എന്നിവരാണ് നായികമാർ. ജബ് തക് ഹേ ജാനിനുശേഷമാണ് മൂവരും ഒന്നിക്കുന്ന ചിത്രമാണിത്. അപകടത്തെതുടർന്ന് നിർത്തിവച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഈ ആഴ്ച അവസാനം വീണ്ടും തുടങ്ങിയേക്കും.
ഷാരൂഖ് ചിത്രത്തിനിടെ അപകടമുണ്ടാകുന്നത് ഇതാദ്യമായല്ല. ഡർ, റാ വൺ, ചെന്നൈ എക്സ്പ്രസ് എന്നിവ ഉൾപ്പെടെയുളള സിനിമകളുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടങ്ങളിൽ ഷാരൂഖിനു പരുക്കേറ്റിട്ടുണ്ട്.
Leave a Reply