സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് പ്രതിയായ സര്‍ക്കാരിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) മുമ്പാകെയാണ് ഷാജ് കിരണ്‍ രഹസ്യമൊഴി നല്‍കിയത്. കേസില്‍ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം നേരത്തെ രഹസ്യമൊഴി നല്‍കിയിരുന്നു.
സി.പി.എം. നേതാവ് സി.പി. പ്രമോദ് പാലക്കാട് ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഷാജ് കിരണിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. സ്വപ്‌ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്‌താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് സി.പി.പ്രമോദ് നല്‍കിയ പരാതിയിലെ പ്രധാന ആരോപണം. കസബ പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസ് പിന്നീട് സര്‍ക്കാറിനെതിരായ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു.
സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജി തെറ്റിധരിപ്പിക്കുന്നതാണെന്നും സ്വപ്‌നയുടെ കള്ളത്തരങ്ങള്‍ പൊളിക്കുന്ന കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. എവിടെയാണ് ഗൂഢാലോചന നടന്നതെന്ന് വരുംദിവസങ്ങളില്‍ വ്യക്‌തമാകും. ഫോണ്‍ തെളിവുകളെല്ലാം കൈമാറിയിട്ടുണ്ടെന്നും ഷാജ് പറഞ്ഞു. ഇന്നലെ മൂന്നു മണിയോടെയാണു രഹസ്യ മൊഴിയെടുപ്പ് ആരംഭിച്ചത്. നടപടികള്‍ വൈകിട്ടു 5.50 വരെ നീണ്ടു.
Leave a Reply