ശാലിനി ലെജു
ഒരിക്കൽ ഒരാളോട് ഒറ്റവരിയിൽ ലോകത്തെക്കുറിച്ച് എഴുതാമോ എന്ന് ചോദിച്ചു.. ഉത്തരം എഴുതുവാൻ അയാൾക്ക് അധിക സമയം വേണ്ടി വന്നില്ല.. ഒറ്റ വാക്കിൽ ആ ഉത്തരം ഇതായിരുന്നു.. ” അമ്മ “. ശരിക്കും അയാൾക്ക് ലോകം എന്നത് അമ്മ ആയിരുന്നു. അതിനു കാരണം -കണ്ട നാൾ മുതൽ
“കണ്ണുകളെ വിളക്കാക്കി.. കൈകളെ തൊട്ടിലാക്കി… രക്തത്തെ പാലാക്കി.. മാറിടം മെത്തയാക്കി…ശ്വാസത്തെ ഈണമാക്കി.. വാക്കുകൾ താരാട്ടാക്കി ” ലാളിച്ചത് അമ്മ മാത്രം ആയിരുന്നു. അങ്ങനെ എങ്കിൽ ലോകം അവന്റെ മുന്നിൽ അമ്മയല്ലാതെ മറ്റെന്താകും? തർക്ക വിഷയം അല്ലാ കേട്ടോ.. ഓരോത്തരുടെ നിലപാടുകൾ വ്യത്യസ്തമാകാം.. എങ്കിലും അമ്മക്ക് പകരം അമ്മ മാത്രം..
എത്ര മാത്രം പ്രകീർത്തിച്ചാലും അത് കുറവല്ലാത്ത ഒരു മഹത് പ്രതിഭാസം തന്നെ അല്ലെ അമ്മ. അടുത്തിടെ ഒരു സിനിമയിൽ കണ്ട ഒരു പരാമർശം ആണ്- യഥാർത്ഥ പോരാളി അമ്മ മാത്രം ആണത്രേ.. എന്നാൽ ഈ 2025, തുടക്കത്തിൽ തന്നെ, ചിറകറ്റവരായി… നിരാലംബരായി… നിസ്സഹായരായി.. ജീവിതത്തോട് വിട പറഞ്ഞ പോരാളികളായ അമ്മമാരുടെ മുഖം ആണ് എന്റെ കണ്ണിനു മുന്നിൽ തെളിഞ്ഞു വരുന്നത്. പ്രത്യേകിച്ച് ഷൈനി എന്നാ അമ്മ മാലാഖയും രണ്ടു സുന്ദരി മാലാഖ കുഞ്ഞുങ്ങളും…മനസ്സിൽ നിന്നും പോകുന്നതേ ഇല്ല. ആദ്യ കുർബാന വേളയിൽ ഉള്ളിലെ ആർത്തിരമ്പുന്ന കടൽ അടക്കിപിടിച്ചു ചുണ്ടിൽ ഇളം മന്ദഹാസം ഒളിപ്പിച്ചു നിർത്തിയ നിഷ്കളങ്കരായ രണ്ടു കുരുന്നുകളും അമ്മയും.. ആ ചിത്രം മനസ്സിൽ തിങ്ങി വരുകയാണ്…ആ അമ്മക്കിളിക്ക് കുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിച്ചു തനിച്ചു പോകാൻ മനസ്സ് വന്നില്ല.
ഒരു ഷൈനി സമൂഹത്തിനു മുന്നിൽ ബാക്കി വെച്ച ചോദ്യങ്ങൾ അനേകം.. അങ്ങനെ എത്ര എത്ര പേർ.
ഒരു കൈത്താങ്ങിന്റെ ബലം കിട്ടാതെ പാതിവഴിയിൽ സ്വപ്നങ്ങൾ ബാക്കിആക്കി പോയവർ..ചിലർ ജീവിതത്തെ പേടിച്ചു ആത്മഹത്യ ചെയ്യുന്നു.. മറ്റു ചിലർ മരണത്തെ പേടിച്ചു ജീവിക്കുന്നു… രണ്ടും ഒരു പോലെ തന്നെ.
പണ്ട്, പിന്തുണക്കപ്പെടുവാൻ സാധ്യതകൾ ഇല്ലാതിരുന്ന ഭൂതകാലം നമുക്ക് മറക്കാം.. ഇന്നങ്ങനെ അല്ലല്ലോ.. എത്ര എത്ര പ്രവർത്തനങ്ങൾ ആണ് സോഷ്യൽ സർവീസ് പോലെ ഉള്ള വിഭാഗങ്ങളിൽ കരുതിയിരിക്കുന്നത്. ചിറകു തളർന്നെന്നു നമുക്ക് തോന്നുന്ന നമ്മുടെ ചുറ്റിലും ഉള്ള പ്രിയപ്പെട്ടവരെ നമുക്ക് ചേർത്തണയ്ക്കാം. അവർ നിങ്ങളുടെ അമ്മ തന്നെ ആകണം എന്ന് നിർബന്ധം ഇല്ല. നമ്മുടെ കുടുംബത്തിൽ ഉള്ളവർ, അയൽക്കാർ അങ്ങനെ നാം കണ്ടു മുട്ടുന്ന ആർക്കും ഈ അവസ്ഥകൾ ഉണ്ടാകാം. ഒരു നല്ല വാക്ക്.. നല്ല ചിരി… ഒരു സാന്ത്വനം..നൽകുന്ന ആശ്വാസം എത്രയെന്നോ? തിരിച്ചറിയാൻ ശ്രമിക്കാം.. തിരികെ ചേർക്കാം… ഒന്നും അധികം വിദൂരതയിൽ അല്ല..
മദർസ് ഡേ പോലുള്ള ദിവസങ്ങൾ നമ്മുടെ മാതൃ സ്നേഹത്തിന്റെ വ്യാപ്തിയും ആഴവും നമുക്ക് തിരിച്ചറിയുവാനും നമ്മുടെ സ്നേഹം കരുതൽ ഒക്കെ പ്രകടിപ്പിക്കുവാനും അവരെ ആദരിക്കുവാനും കിട്ടുന്ന ഒരു അവസരം ആണ്.
ലോകം നമുക്ക് ചുറ്റിലും പല രീതിയിൽ പല രൂപത്തിൽ ഭാവത്തിൽ മാറിയപ്പോഴും അന്നും ഇന്നും കേടാതെ ഒരു തരി എങ്കിലും കൂടിയതല്ലാതെ നിലനിൽക്കുന്ന ഒരേ ഒരു സ്നേഹാമൃതു അമ്മയല്ലാതെ ആരാണ്. ഓരോ അമ്മമാരെയും അത്യന്തം സ്നേഹത്തോടെയും ബഹുമാനത്തോടെയും ഈ മാതൃദിനത്തിൽ നമുക്ക് ഓർക്കാം. ഈ ലോകം മുഴുവൻ എനിക്ക് എതിരായാലും എന്റെ അമ്മ എന്നെ സ്നേഹിക്കും അതിനാൽ ഞാൻ എവിടെയും തോറ്റു പോകുക ഇല്ല എന്ന് പറയണം എങ്കിൽ അമ്മ എന്നത് ജീവിതത്തിലെ വെറും ഒരു മനുഷ്യ സാന്നിധ്യം മാത്രം ആണോ? ജീവിതത്തിലെ പകരം വെയ്ക്കാനാകാത്ത ദൈവത്തിന്റെ പേരാണ് അമ്മ. ദൈവം ഭൂമിയിൽ ബാക്കി വെച്ച ജോലികളുടെ നടത്തിപ്പുകാരി അമ്മ അല്ലാതെ മാറ്റാരാണ്.
Lionardo Di carpio കുറിച്ചു.. “My mother is a walking miracle” എന്റെ അമ്മ ഒരു അത്യത്ഭുതം തന്നെ എന്ന്…ജോർജ് വാഷിങ്ടോൺ പറഞ്ഞു.. ” ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ അമ്മ ആണ്. അമ്മ പഠിപ്പിച്ച പാഠങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും കാരണം “.
എന്റെ ഹൃദയത്തിൽ തീവണ്ടി പോലെ ഇരച്ചിറങ്ങിയ കൽപറ്റ നാരായണൻ സാറിന്റെ കുറച്ചു വരികൾ പറഞ്ഞോട്ടെ…
” അമ്മ മരിച്ചപ്പോൾ എനിക്ക് ആശ്വാസം ആയി.. ഇനി എനിക്ക് അത്താഴ പഷ്ണി കിടക്കാം, ആരും സ്വൈര്യം കെടുത്തത്തില്ല. ഇനി എനിക്ക് ഉണങ്ങി പാറുന്നത് വരെ തല തുവർത്തണ്ട, ആരും വിരലിതർത്തി നോക്കില്ല.. ഇനി എനിക്ക് കിണറിന്റെ ആൾ മറയിലൂരുന്നു ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം.. പാഞ്ഞടുക്കുന്ന ഒരു നിലവിളി എന്നെ ഞെട്ടിച്ചുണർത്തില്ല. ഇനി എനിക്ക് സന്ധ്യ സമയത്ത് പുറത്തിറങ്ങാൻ ടോർച്ച് എടുക്കണ്ട. ഇനി എനിക്ക് എത്തിയേടത്ത് ഉറങ്ങാം. ഞാൻ എത്തിയാൽ മാത്രം കെടുന്ന വിളക്കുള്ള വീട് ഇന്നലെ കെട്ടു.. തന്റെ കുറ്റമാണ് താൻ അനുഭവിച്ചതത്രയും എന്ന ഗർഭകാല ചിന്തയിൽ നിന്ന് അമ്മ ഇന്ന് മുക്തയായി..”
ഈ വരികളിലൂടെ ഞാൻ വീണ്ടും വീണ്ടും കടന്നു പോയി.. എത്ര ആഴത്തിൽ ആണ് അമ്മയെ ഒരു കവി വരച്ചു കാട്ടുന്നത്.. എന്റെ കണ്ണിൽ നിന്ന് ഊർന്നു വീണ കണ്ണീരിനെ മറക്കാൻ എനിക്ക് ഒരു തൂവാലയെ കൂട്ട് പിടിക്കാതെ നിവർത്തി ഇല്ലായിരുന്നു…ഇന്നും തോരാതെ പെയ്യുന്ന സ്നേഹമഴയെ ഞാൻ നിന്നെ അമ്മ എന്നല്ലാതെ മറ്റെന്തു പേർ വിളിപ്പൂ..
ശാലിനി ലെജു: സാലിസ്ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ ബാൻഡ് 6 നേഴ്‌സായി ജോലി ചെയ്യുന്നു. ഭർത്താവ് ലെജു സ്കറിയ. മക്കൾ : ജുവൽ ലെജു, ജോഷ് ലെജു.
Leave a Reply