യുകെയില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ യൂറോപ്യന്‍ സ്ത്രീകളുമായി വ്യാജ വിവാഹങ്ങള്‍ നടത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് 23 വര്‍ഷം തടവ്. പാകിസ്ഥാന്‍ വംശജനായ അയാസ് ഖാന്‍ ഇയാളുടെ ഭാര്യയായിരുന്ന ലിത്വാനിയന്‍ വംശജ യേര്‍ഗിറ്റ പാവ്‌ലോവ്‌സ്‌കൈറ്റ് എന്നിവരായിരുന്നു വ്യാജവിവാഹങ്ങള്‍ നടത്തി രേഖകള്‍ തയ്യാറാക്കി നല്‍കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ തുടരാന്‍ നിയമപരമായി അവകാശമില്ലാത്തതോ, വിസ കാലാവധി അവസാനിച്ചതോ ആയ പാകിസ്ഥാന്‍ വംശജര്‍ക്കാണ് ഇവര്‍ യൂറോപ്യന്‍ വധുക്കളെ സംഘടിപ്പിച്ച് നല്‍കിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.
ഇത്തരം വിവാഹങ്ങള്‍ തട്ടിപ്പാണെന്ന സംശയത്തെത്തുടര്‍ന്ന ഒരു രജിസ്ട്രി ഓഫീസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ക്രിമിനല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വിവരമറിയിക്കുകയായിരുന്നു. 3000 പൗണ്ട് ഈടാക്കിയാണ് ഇത്തരം വിവാഹങ്ങള്‍ ഈ ദമ്പതികള്‍ നടത്തിക്കൊടുത്തിരുന്നത്. ഇതിനായി വധുക്കളെ പ്രത്യേകം വരുത്തുകയായിരുന്നു. നിരവധി പേര്‍ ഇവര്‍ക്ക് പണം നല്‍കി ‘വിവാഹിതരായിട്ടുണ്ടെന്ന്’ അന്വേഷണത്തില്‍ വ്യക്തമായി. ഈ വിവാഹങ്ങള്‍ ചെയ്തവര്‍ രേഖകള്‍ സമ്പാദിച്ച് റസിഡന്‍സിക്കായി അപേക്ഷിച്ചതായും വ്യക്തമായി. ഇമിഗ്രേഷന്‍ നിയമങ്ങളുടെ ദുരുപയോഗമാണ് ഇതിലൂടെ നടന്നിരിക്കുന്നത്.
ഓള്‍ഡ് ബെയ്‌ലിയില്‍ രണ്ടു മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അയാസ് ഖാന്‍, പാവ്‌ലോവ്‌സ്‌കൈറ്റ് എന്നിവരെക്കൂടാതെ വിവാഹിതരായ ഫാറൂഖ്, താതാന്യ റോളിക്, മുഹമ്മദ് സാഖ്‌ലെയിന്‍, ഷെയ്ഖ് അഹമ്മദ്, വലേറിയ ബാര്‍ട്ടേസെവിക്, ഡയാന സ്റ്റാന്‍കെവിക്ക് എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സ്റ്റാന്‍കെവിക്ക്, നെല്‍സന്‍ ഗാര്‍ഡന്‍സ് എന്നിവരായിരുന്നു വ്യാജരേഖകള്‍ തയ്യാറാക്കിയിരുന്നത്. ഹോം ഓഫീസില്‍ അപേക്ഷ നല്‍കാനും മറ്റും ഇവരായിരുന്നു ‘ദമ്പതി’കള്‍ക്ക് സഹായം ചെയ്തിരുന്നത്.
Leave a Reply