ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടീഷ് പൗരത്വം വീണ്ടെടുക്കാനുള്ള ഷമീമ ബീഗത്തിന്റെ നീക്കത്തിനു വീണ്ടും തിരിച്ചടി. പൗരത്വം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വിധി. കേസ് പൂർണമായും കോടതി തള്ളികളഞ്ഞെന്ന് ജസ്റ്റിസ് ജയ് പറഞ്ഞു. എന്നാൽ നിലവിലെ വിധി പുനഃപരിശോധിക്കണമെന്നും, കേസ് അവസാനിച്ചിട്ടില്ലെന്നുമാണ് ഷമീമയുടെ അഭിഭാഷകർ അറിയിച്ചത്. പതിനഞ്ച് വയസുള്ളപ്പോഴാണ് ബീഗം ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പോകുന്നത്. തുടർന്ന് ഇതേ സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ വിവാഹം ചെയ്തു. മൂന്ന് കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. പലവിധ കാരണങ്ങളാൽ മൂന്ന് പേരും മരണപ്പെട്ടു.
2019-ൽ അന്നത്തെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം എടുത്തുകളയുകയും വീട്ടിലേക്ക് വരുന്നത് തടയുകയും ചെയ്തിരുന്നു. തുടർന്ന് കുറച്ചു കാലം ഒരു ക്യാമ്പിൽ ഐഎസ് അനുഭാവിയായി തടവിലാക്കുകയും ചെയ്തു. യുകെയിലേക്ക് വരുമെന്നുള്ള ബീഗത്തിന്റെ ഭീഷണിയെ മുൻനിർത്തി വിദഗ്ദമായ നിർദേശങ്ങൾ സുരക്ഷാസംഘത്തിന്റെ ഭാഗത്ത് നിന്ന് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ബീഗം തെറ്റായ വ്യവസ്ഥിതിയുടെ ഇരയാണെന്നാണ് അവളുടെ അഭിഭാഷകർ വാദിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് കേസിൽ ആദ്യം വാദം നടന്നത്. അതിൽ, പൗരത്വം റദ്ദ് ചെയ്യാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് അഭിഭാഷകർ വാദിച്ചു.
ആരാണ് ഷമീമ ബീഗം?
ബംഗ്ലദേശിൽനിന്നു യുകെയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മകളായി ഈസ്റ്റ് ലണ്ടനിലെ ടവർ ഹാംലെറ്റ്സിലാണ് ഷമീമ ബീഗത്തിന്റെ ജനനം. ബെത്‌നാൽ ഗ്രീൻ അക്കാദമിയിൽനിന്നു സെക്കൻഡറി വിദ്യാഭ്യാസം നേടി. 2015 ഫെബ്രുവരിയിലാണ് അമീറ അബേസ് (15), ഖദീജ സുല്‍ത്താന (16) എന്നീ സുഹൃത്തുക്കൾക്കൊപ്പം ഷമീമ സിറിയയിലേക്കു കടക്കുന്നത്. സിറിയയിൽ എത്തി പത്തു ദിവസത്തിനു ശേഷം, ഡച്ച് വംശജനായ യാഗോ റീഡിക്കിനെ ഷമീമ വിവാഹം കഴിച്ചു. 2014 ഒക്ടോബറിൽ സിറിയയിൽ എത്തി ഇസ്‌ലാം മതം സ്വീകരിച്ച വ്യക്തിയായിരുന്നു യാഗോ. നാലു വർഷത്തിനിടെ മൂന്നു കുട്ടികളെ ഷമീമ പ്രസവിച്ചു, പക്ഷേ ആരും ജീവിച്ചിരിപ്പില്ല. 2019ൽ മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് ഷമീമയെ സിറിയയിലെ അഭയാർഥി ക്യാപിൽ കണ്ടെത്തിയത്. ക്യാംപിൽ ജന്മം നൽകിയ കുട്ടിയും ഒരു മാസം കഴിഞ്ഞപ്പോൾ ശ്വാസകോശത്തിലെ അണുബാധ മൂലം മരിക്കുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയ ഷമീമയ്ക്ക് എതിരെ മുൻപും സമാനമായ നടപടികൾ കൈകൊണ്ടിട്ടുണ്ട്.
Leave a Reply