മാനഭംഗക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മ. കൊച്ചിയിലെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് അമ്മ നിലപാടെടുത്തത്. ജനറല്‍ ബോഡിയില്‍ വിജയ്ബാബുവും പങ്കെടുത്തിരുന്നു. കോടതി തീരുമാനത്തിന് മുന്‍പ് എടുത്തുചാടി തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് സംഘടന വ്യക്തമാക്കി.

വിജയ് ബാബുവിനെതിരെ കടുത്ത നടപടിക്കുള്ള ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ എക്‌സിക്യൂട്ടീവ് കമ്മിറ്റി തള്ളിയതിനെ ഇടവേള ബാബുവും സിദ്ദിഖുമാണ് പ്രതിരോധിച്ചത്. കോടതി തീരുമാനം വരുംമുന്‍പ് എടുത്തുചാടി തീരുമാനമെടുക്കാനാകില്ല. അമ്മ ഒരു ക്ലബ് മാത്രമാണെന്നും വിജയ് ബാബു അംഗമായ മറ്റ് സംഘടനകള്‍ അയാളെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

അമ്മയ്ക്ക് മാത്രമായി ഇനി ആഭ്യന്തര പരിഹാര സമിതിയില്ലെന്നും സിനിമയ്ക്ക് മൊത്തമായി ഫിലിം ചേംബറിന് കീഴില്‍ ഒറ്റ സമിതിയുണ്ടാകുമെന്നും ഇടവേള ബാബു പറഞ്ഞു. അതിനിടെ അച്ചടക്കലംഘനത്തിന്റെ പേരില്‍ ഷമ്മി തിലകനെ പുറത്താക്കാന്‍ ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അന്തിമ നിലപാട് പ്രഖ്യാപിക്കും.

പുറത്താക്കിയതില്‍ പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍. അമ്മയുടെ കത്തിന് ഓരോ വാക്കിനും കൃത്യമായ മറുപടി നല്‍കിയെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കി. തൃപ്തികരമല്ലെന്ന മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. തെറ്റെന്തെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘടനയ്ക്ക് മതിയായ വിശദീകരണം നല്‍കിയില്ലെന്നാണ് ആരോപണം. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

അമ്മയില്‍ നിന്ന് പുറത്താക്കുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അമ്മയുടെ ലെറ്റര്‍ പാഡിന്റെ പ്രൈസ് കൊടുത്തത് താനാണ്. പുറത്താക്കിയെന്ന് അതില്‍ എഴുതി വരട്ടെ. താന്‍ നല്‍കിയ റിപ്പോര്‍ട്ട് ചിലര്‍ക്ക് മനസിലായിട്ടുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കാര്യം ബോധ്യപ്പെട്ടാല്‍ അവര്‍ പുറത്താക്കും എന്ന നിലപാടില്‍ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി. അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും കാര്യങ്ങള്‍ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്.

സംഘടനയെ മാഫിയ സംഘം എന്നു വിളിച്ചിട്ടില്ല. മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നിരവധി കത്തുകള്‍ നല്‍കി. ഒന്നിനും മറുപടി ലഭിച്ചില്ല. അച്ഛനോട് ദേഷ്യമുള്ള ചിലര്‍ക്ക് തന്നെ പുറത്താക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.