ലോഹിതദാസ് മലയാളിക്ക് സമ്മാനിച്ച മികച്ച സിനിമകളില്‍ ഒന്നായിരുന്നു 2003-ല്‍ ഇറങ്ങിയ കസ്തൂരിമാന്‍. കുഞ്ചാക്കോ ബോബനും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായി വന്ന മനോഹരമായ പ്രണയകഥ. ഈ ചിത്രത്തില്‍ നിര്‍ണായകമായ മറ്റൊരു കഥാപാത്രമായിരുന്നു ഷമ്മി തിലകന്‍ ചെയ്ത ഇടിയന്‍ രാജപ്പന്‍ എന്ന പോലീസുകാരന്‍. ഷമ്മിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ് കസ്തൂരിമാനിലെ ഇടിയന്‍ രാജപ്പന്‍. എന്നാല്‍ ഈ കഥാപാത്രം ആദ്യം ഒരു ഗസ്റ്റ് അപ്പിയറന്‍സ് മാത്രമായിരുന്നുവെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. ഫേ‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇടിയന്‍ രാജപ്പന്‍ എന്ന കഥാപാത്രത്തിന്റെ വളര്‍ച്ച എങ്ങനെയായിരുന്നുവെന്നു ഷമ്മി തിലകന്‍ പങ്കുവയ്ക്കുന്നത്.

ഷമ്മി തിലകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഇടിയന്‍ രാജപ്പന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ കഥാപാത്രം ചെയ്യുവാന്‍ എന്നെ ലോഹിയേട്ടന്‍ വിളിച്ചപ്പോള്‍ പറഞ്ഞത്, ഇത് ഒരു കാമ്പസ് പ്രണയകഥയാണ്… ഇതില്‍ ‘ഗസ്റ്റ് അപ്പിയറന്‍സ്’ ആയി വരുന്ന ഒരു പോലീസുകാരന്റെ, അല്പം നെഗറ്റീവ് ഷേഡുള്ള, വളരെ ചെറിയ ഒരു വേഷമുണ്ട്; ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ കൊണ്ട് വേണമെങ്കിലും ചെയ്യിക്കാവുന്ന ആ വേഷം നീ ഒന്ന് ചെയ്തു തരണം എന്നാണ്! അങ്ങനെ പോയി ചെയ്ത സീനുകള്‍ ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്!

എന്നാല്‍, ഈ സീനുകള്‍ ഷൂട്ട് കഴിഞ്ഞ് ഞാന്‍ മടങ്ങി പോകാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു; ഷമ്മീ, ചിലപ്പോള്‍ അടുത്താഴ്ച നീ ഒന്നുകൂടി വരേണ്ടി വരും; ചാക്കോച്ചന്റെ കൂടെ ഒരു സീന്‍ കൂടി ഉള്‍പ്പെടുത്തുവാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട് എന്ന്. അങ്ങനെ വീണ്ടും വന്ന് ചെയ്തതാണ്, ചാക്കോച്ചന്റെ കൂടെയുള്ള ആ കലിങ്കിന്റെ മുകളില്‍ നിന്ന് കൊണ്ടുള്ള സീന്‍! ആ സീനും കഴിഞ്ഞപ്പോള്‍ വീണ്ടും അദ്ദേഹം പറഞ്ഞു, ‘ഷമ്മീ, നീ ഒന്നുകൂടി വരേണ്ടി വരും’ എന്ന്! അങ്ങനെ ഘട്ടംഘട്ടമായാണ് ഈ കഥാപാത്രത്തിന് ലോഹിയേട്ടന്‍ ജന്മം കൊടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സിനിമയില്‍ ഞാന്‍ ഒത്തിരി ആസ്വദിച്ചു ചെയ്ത ഒരു സീക്വന്‍സിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. ചെറുതെങ്കിലും ആ ഫൈറ്റ് ഒത്തിരി ഒത്തിരി ഇഷ്ടം. 2003-ല്‍ സഹനടനുള്ള സംസ്ഥാന അവാര്‍ഡിന് അവസാനം വരെ പരിഗണനയില്‍ ഉണ്ടായിരുന്ന ഈ കഥാപാത്രം; പ്രസ്തുത ചിത്രം തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും എന്നെ തന്നെയാണ് ലോഹിയേട്ടന്‍ ഏല്പിച്ചത്..!

നന്ദി ലോഹിയേട്ടാ..! എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും..; കാട്ടിയ കരുതലിനും..!