ദിലീപ് നായകനായി അഭിനയിച്ച മോസ് ആന്‍ഡ് ക്യാറ്റിലെ നായിക വേഷത്തില്‍ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നടി ഷംന കാസിം. സിനിമയുടെ ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്പായിരുന്നു ഒഴിവാക്കലെന്നും അതില്‍ സങ്കടം തോന്നിയെന്നും ഷംന. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഈ അനുഭവം താരം പങ്കുവെച്ചത്.

ആ സമയത്ത് സ്‌നേഹയും ചിമ്പുവും അഭിനയിക്കുന്ന ചിത്രത്തിലേക്ക് വിളിച്ചിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി ഞാനത് മാറ്റിവെച്ചു. കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ സാറിന്റെ ആവശ്യപ്രകാരം കുറേ ഡാന്‍സ് പ്രോഗ്രാമുകളും കാന്‍സല്‍ ചെയ്തു. അന്ന് ദിലീപേട്ടന്റെ കൂടെ അഭിനയിക്കാത്ത നടിമാരുണ്ടായിരുന്നില്ല. എനിക്കും ആ ആഗ്രഹമുണ്ടായിരുന്നു. ഷംന പറഞ്ഞു.

എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ദിലീപിനും അറിയാമായിരുന്നു. എന്നാല്‍ ദിലീപേട്ടന് ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഷംനാ കാസിമിന്റെ പ്രതികരണം. സംഭവം അറിഞ്ഞ് ദിലീപ് തന്നെ വിളിച്ച് സമാധാനിപ്പിച്ചെന്നും ഷംന പറയുന്നു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപ് ഫോണില്‍ വിളിച്ച് പറഞ്ഞെന്നും ഷംന പറഞ്ഞു.

എന്നാല്‍ തനിക്ക് അതില്‍ ഒരുപാട് സങ്കടം തോന്നിയെന്നും സിനിമ വേണ്ടെന്ന് വയ്ക്കാന്‍ പോലും ആലോചിച്ചെന്നും ഷംന തുറന്നുപറയുന്നു. കേരളത്തിലേക്ക് വരാന്‍ പോലും തോന്നിയില്ലെന്നും ചെറുകണ്ണുനീരോടെ ഷംന പറഞ്ഞു. അതേസമയം, ആ സിനിമയ്ക്ക് ഒരു ശാപം വീണിട്ടുണ്ടെന്നും ഷംന അഭിപ്രായപ്പെട്ടു.തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഷംന പറയുന്നു. ഒഴിവാക്കിയത് അറിഞ്ഞ് ആദ്യം വിളിച്ച് ദിലീപ് തന്നെയായിരുന്നു. പിന്തുണ അറിയിച്ച്, എല്ലാവിധ ആത്മവിശ്വാസവും നല്‍കിയത് ദിലീപാണെന്നും താരം വ്യക്തമാക്കി.