ഷെയ്ൻ നിഗം വിഷയത്തിൽ അമ്മയും നിർമാതാക്കളും തമ്മിൽ ഇന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ചയും പരാജയമായി. ഷെയ്നിന്റെ വിലക്ക് പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിർമാതാക്കൾ. ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരം നൽകാതെ വിലക്ക് പിൻവലിക്കില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്.
‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കിയ സാഹചര്യത്തിൽ ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കണമെന്നായിരുന്നു താരസംഘടനയായ ‘അമ്മ’യുടെ ആവശ്യം. ഇന്നത്തെ ചർച്ചയോടെ വിഷയത്തിൽ നിർണായകമായൊരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാലോകം. എന്നാൽ നിർമാതാക്കളുടെ നിലപാട് വീണ്ടും പ്രശ്നത്തെ സങ്കീർണ്ണമാക്കുകയാണ്.
‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും ‘വെയിൽ’, ‘കുർബാനി’ സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയ്‌ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയത്. ഫെഫ്കയും എഎംഎംഎയും അടക്കമുള്ള സംഘടനകൾ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ നിരവധി തവണ ഇടപെട്ടിരുന്നു.
“സംഘടന എന്ത് തീരുമാനമെടുത്താലും അത് അനുസരിച്ചുകൊള്ളാം എന്ന് വ്യാഴാഴ്ച നടന്ന ഭാരവാഹി യോഗത്തിൽ ഷെയ്ൻ സമ്മതിച്ചിട്ടുണ്ട്. ഇനി ഒരു സിനിമയുടെ ഡബ്ബിങ് ഉണ്ട്, രണ്ടു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. പ്രതിഫല തുകയിൽ ഷെയ്നിന്റേയും നിർമ്മാതാക്കളുടേയും വിഷയങ്ങൾ പരിഗണിച്ച് ഒരു ന്യായമായ സെറ്റിൽമെന്റ് നടത്തണമെന്ന് തന്നെ നമ്മൾ പ്രൊഡ്യൂസേഴ്സിനോട് ആവശ്യപ്പെടും.
കൊച്ചിയിൽ വച്ച് അമ്മയുടെ ഭാരവാഹികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹികളും അവരുടെ കൂടെ സൗകര്യം നോക്കി ഒരു ദിവസം ചർച്ച നടത്തി വിഷയം പരിഹരിക്കുമെന്നാണ് തീരുമാനം. എന്ന് ഡബ്ബിങ് പൂർത്തിയാക്കാം, ബാക്കിയുള്ള ചിത്രങ്ങളുടെ ഷൂട്ട് എപ്പോഴേക്ക് പൂർത്തിയാക്കാം എന്ന് ഷെയ്നിനോട് ചോദിച്ച് അമ്മ തീരുമാനിക്കും. ഷെയ്ൻ ഞങ്ങളുടെ അംഗമാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ചേ തീരുമാനമുണ്ടാകൂ,” എന്നാണ് ചർച്ചയ്ക്കു മുൻപ് താരസംഘടനയുടെ ഭാരവാഹിയായ ജഗദീഷ് പറഞ്ഞത്.
Leave a Reply