മലയാളിക്ക് അബിയോടുള്ള ഇഷ്ടം ഒട്ടും കുറയാതെ തന്നെ മകൻ ഷെയ്നോടുമുണ്ട്. വ്യക്തിപരമായും അയാളിലെ നടനോടുമുള്ള ഇഷ്ടം സിനിമകൾ തിയറ്ററിലെത്തുമ്പോൾ പ്രേക്ഷകർ കാണിക്കാറുണ്ട്. ഒടുവിൽ തിയറ്ററിലെത്തിയ ഇഷ്ക് എന്ന ചിത്രവും മികച്ച വിജയമാണ് സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ ഷെയ്ൻ നിഗം ഒരു അഭ്യർഥനയുമായിട്ടാണ് എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കണമെന്നാണ് താരത്തിന്റെ ആവശ്യം.
ഒരു വാച്ചിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ അതെന്റെ എല്ലാമെന്ന് ഷെയ്ൻ പറയും.. വാപ്പച്ചി അബി ഗൾഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നൽകിയ വാച്ചാണ് താരത്തിന്റെ കൈയിൽ നിന്നു നഷ്ടമായത്. വനിതയുടെ കവർ ഷൂട്ടിനിടെയാണ് സംഭവം. മാർച്ചിൽ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ചായിരുന്നു ഷൂട്ട്. അതിനിടെ എവിടെവച്ചോ വാച്ച് കയ്യിൽ നിന്ന് നഷ്ടപ്പെട്ടതാകാം എന്ന് കരുതുന്നു.
ഗൾഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് മലയാളികളുടെ പ്രിയപ്പെട്ട അബി casio edifice എന്ന കമ്പനിയുടെ ബ്രൗൺ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നൽകിയത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടത് ഷെയ്ന് വലിയ ദുഃഖമായി. ഇതേത്തുടർന്നാണ് വായനക്കാരുടെ സഹായം തേടി രംഗത്തെത്തിയത്. വാച്ചിന്റെ വിലയിലുപരി വാപ്പച്ചിയുടെ സമ്മാനം നഷ്ടമായതാണ് ഷെയിനെ വേദനിപ്പിക്കുന്നത്.
Leave a Reply