ക്രിക്കറ്റിലെ നിത്യവസന്തമായ ഷെയ്ൻ വോണിന്റെ അന്ത്യത്തോടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളെയാണ് ക്രിക്കറ്റ് ലോകത്തിന് നഷ്ടമാകുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളായ വോണിന്റെ വേർപാട് തീരാനഷ്ടമാണ്.
ലോകത്തിലെ ബാറ്റർമാരുടെ പേടി സ്വപ്നമായിരുന്നു വോണ്‍. ഗ്രൗണ്ടിലും പുറത്തും ഒരുപോലെ വാർത്തകൾ സൃഷ്ടിച്ച താരം കൂടിയാണ് വോണ്‍. 15 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ 145 മത്സരം കളിച്ച വോണ്‍ 708 വിക്കറ്റുകളാണ് വാരിക്കൂട്ടിയത്. ലോകത്തെ ഏതൊരു ബാറ്ററും പേടിയോടെയാണ് വോണിന്റെ അസാമാന്യ പന്തുകളെ നേരിട്ടിട്ടുള്ളത്. പല ക്രിക്കറ്റ് നിരൂപകരും വോണിനു ചാർത്തിനൽകിയ സ്ഥാനം സാക്ഷാൽ ഡോണ്‍ ബ്രാഡ്മാനു തൊട്ടുതാഴെയാണ്.
1992ൽ ഇന്ത്യക്കെതിരേ അരങ്ങേറിയ വോണ്‍ ആദ്യടെസ്റ്റിൽ നേടിയത് ഒരു വിക്കറ്റ് മാത്രമാണ്. അതും 150 റണ്‍സ് വഴങ്ങി. എന്നാൽ, 18 മാസങ്ങൾക്കുശേഷം നൂറ്റാണ്ടിന്റെ പന്തെറിഞ്ഞുകൊണ്ട് ആരാധകരെ അന്പരപ്പിച്ചു. 1993 ആഷസ് പരന്പരയിൽ ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിംഗിനെതിരേ ഓൾഡ് ട്രാഫോർഡിലായിരുന്നു ഇത്. ലെഗ്സ്റ്റംപിനു പുറത്ത് ഇഞ്ചുകൾ മാറി പിച്ചുചെയ്ത പന്ത് അസാധാരണമാംവിധം തിരിഞ്ഞ് ഗാറ്റിംഗിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു. പിന്നീട് എത്രയെത്ര സുന്ദരമായ നിമിഷങ്ങൾ ഷെയ്ൻ വോണ്‍ ക്രിക്കറ്റ് ആരാധകർക്കു സമ്മാനിച്ചു.
194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റും വോണ്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2006 ൽ ഇംഗ്ലണ്ടിനെതിരേ നാട്ടിൽ നടന്ന ആഷസ് പരന്പരയോടെയാണ് വോണ്‍ ക്രിക്കറ്റിൽനിന്നു വിരമിച്ചത്. പ്രശസ്തമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടെസ്റ്റിൽ കെവിൻ പീറ്റേഴ്സന്റെ അടക്കമുള്ള നിർണായക വിക്കറ്റുകൾ നേടിയാണ് വോണ്‍ മത്സരം അവസാനിപ്പിച്ചത്. ആൻഡ്രൂ ഫ്ളിന്േറാഫാണ് ടെസ്റ്റിൽ വോണിന്റെ അവസാന ഇര.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഒഴികെ മറ്റെല്ലാം ലോകോത്തര ബാറ്റർമാ·ാരെയും വോണ്‍ വിറപ്പിച്ചിട്ടുണ്ട്. എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു വോണ്‍. ബ്രിട്ടീഷ് ടാബ്ലോയ്ഡുകൾക്ക് എല്ലാക്കാലത്തും വോണ്‍ നല്ല വിഭവങ്ങൾ നൽകിയിരുന്നു. ഒരു ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ സ്ത്രീക്ക് ഫോണിലൂടെ അശ്ലീല മെസേജുകൾ അയച്ചെന്ന ആരോപണം ഉയർന്നു. പിന്നീടു പലവട്ടം പല സ്ത്രീകളോട് വോണ്‍ ഇത്തരത്തിൽ പെരുമാറിയെന്ന് പറയപ്പെടുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങിയപ്പോൾ മുതൽ രാജസ്ഥാൻ റോയൽസിന്റെ നായകനും പരിശീലകനുമായ വോണ്‍ നാലു സീസണുകൾ പൂർത്തിയാക്കിയാണ് വിരമിച്ചത്. റോയൽസിന് ആദ്യ വർഷത്തെ കിരീടം നേടിക്കൊടുക്കാനും വോണിനും കഴിഞ്ഞു. വ്യക്തിജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും വോണിന്റെ പ്രതിഭയും കഴിവും എക്കാലവും സ്മരിക്കപ്പെടുന്നതാണ്.
Leave a Reply