ഓസ്ട്രേലിയയിലെ സിഡ്നിയിൽ കടലിൽ നീന്താനിറങ്ങിയ യുവാവ് സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സിഡ്നിയിലെ പ്രശസ്തമായ ലിറ്റിൽ ബേ ബീച്ചിലാണ് ദാരുണ സംഭവം ഉണ്ടായത്. സാധാരണയായി സ്രാവുകൾ ഈ പ്രദേശത്തെ കടലിൽ ഉണ്ടാവാറില്ല.
ബുധനാഴ്ച വൈകുന്നേരമാണ് സൈമൺ നെല്ലിസെന്ന യുവാവ് ബീച്ചിനടുത്തെ പാറക്കെട്ടുകൾക്കപ്പുറത്ത് അൽപം ആഴമുള്ള ഭാഗത്തേക്ക് നീന്താൻ ഇറങ്ങിയത്. പെട്ടെന്ന് നിലവിളി കേട്ട ആളുകൾ പാറക്കൂട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഏകദേശം 15 അടിയോളം നീളമുള്ള കൂറ്റൻ സ്രാവ് യുവാവിനെ ആക്രമിക്കുന്നത് കണ്ടത്. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും കടിച്ചെടുത്ത ഭാഗങ്ങൾ ഭക്ഷണമാക്കിയ സ്രാവ് ഉടൻ തന്നെ കടലിലേക്ക് നീന്തി മറയുകയും ചെയ്തു. സ്രാവിന്റെ ആക്രമണത്തെതുടർന്ന് പ്രദേശത്ത് കടലിലെ വെള്ളത്തിൽ രക്തം കലരുന്നതു കണ്ടു നിൽക്കാൻ മാത്രമേ ദൃക്സാക്ഷികൾക്ക് സാധിച്ചുള്ളൂ. നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ സന്ദർശകർക്ക് സാധിക്കുമായിരുന്നുള്ളൂ.
ലൈഫ്ഗാർഡുകളും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട വ്യക്തിയുടെ ശാരീരിക അവശിഷ്ടങ്ങൾ കണ്ടെടുത്തു. ആക്രമിച്ച സ്രാവിനെ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പരിശോധനകൾ നടത്തിയെങ്കിലും വിഫലമായിരുന്നു. ആക്രമണകാരിയായ സ്രാവിന്റെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സമീപപ്രദേശത്തുള്ള 14 ബീച്ചുകളിൽ സന്ദർശന നിരോധനം ഏർപ്പെടുത്തി.
Leave a Reply