പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടുന്നതിനായി അടുത്തയാഴ്ച വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധിസംഘത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെയും ഉള്‍പ്പെടുത്തി കേന്ദ്രം. ഇന്ത്യയിലെ വിദേശകാര്യ പാര്‍ലമെന്ററി പാനലിന്റെ തലവന്‍ കൂടിയായ ശശി തരൂര്‍ പ്രതിനിധി സംഘത്തെ നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിനിധി സംഘത്തെ നയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ സമീപിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് മോദി സര്‍ക്കാര്‍, തങ്ങളുടെ സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ അദ്ദേഹത്തെ സമീപിച്ചിരിക്കുന്നത്. അതേസമയം, തന്നെ താക്കീത് ചെയ്തുവെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രവര്‍ത്തകസമിതിയംഗം കൂടിയായ തരൂര്‍ നിഷേധിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭീകരതയെ പിന്തുണക്കുന്ന പാകിസ്താനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമാക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ നയതന്ത്ര നീക്കം. തരൂരിനെ കൂടാതെ കോണ്‍ഗ്രസില്‍നിന്ന് മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിങ് തുടങ്ങിയ എംപിമാരെയും സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്.

നയതന്ത്ര ദൗത്യത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള എംപിമാരെ സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്. പ്രതിനിധികളുടെയും പങ്കാളികളുടെയും കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, 30-ലധികം എംപിമാര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എന്‍സിപി (എസ്പി), ജെഡിയു, ബിജെഡി, സിപിഎം പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടാകുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.