ന്യൂസ് ഡെസ്ക് , മലയാളം യുകെ

കാൻബറ : ഇനിയും എത്രയെത്ര പ്രവാസികൾ ചൂഷണത്തിനിരയാകും? സ്വന്തം കുടുംബം രക്ഷിക്കാൻ അന്യനാട്ടിൽ പണിയെടുക്കുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊന്നും പലപ്പോഴും നാം അറിയാതെ പോകുന്നു. എന്നാൽ ജോലിസ്ഥലത്ത് ചൂഷണം നേരിടുന്നവരുടെ ശബ്ദമാവുകയാണ് നീനുമോൾ എബ്രഹാം എന്ന മലയാളി യുവതി. ഓസ്ട്രേലിയ കാൻബറയിലെ മലയാളി റെസ്റ്റോറന്റിൽ ഷെഫ് ആയി ജോലി ചെയ്ത നീനുമോൾ, താൻ നേരിട്ട ദുരനുഭവങ്ങളും പിന്നീട് നേടിയെടുത്ത നീതിയും വിശദീകരിക്കുകയുണ്ടായി. വിസ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി നീനുമോളുടെ ശമ്പളം തിരിച്ചുപിടിച്ച സംഭവത്തിൽ മലയാളിയുടെ റെസ്‌റ്റോറന്റിന്‌ പിഴ ശിക്ഷ വിധിച്ചു. 2018 മെയ് മുതൽ കാന്‍ബറയിലെ ബിന്നീസ് കാത്തീറ്റോ എന്ന മലയാളി റെസ്‌റ്റോറന്റിൽ ജോലി ചെയ്തുവരികയായിരുന്നു നീനുമോൾ. ന്യൂസിലാൻഡിൽ നിന്ന് താത്കാലിക വിസയിൽ ആണ് കാൻബറയിൽ എത്തിയത്. ഭർത്താവും രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമാണ് നീനുമോൾ ഓസ്ട്രേലിയയിൽ വന്നത്. വര്‍ഷം 55,000 ഡോളര്‍ ശമ്പളം നല്‍കും എന്ന കരാറിൽ ജോലിയിൽ പ്രവേശിച്ചുവെങ്കിലും ഓരോ രണ്ടാഴ്ച കൂടുമ്പോഴും 511.40 ഡോളര്‍ വീതം പണമായി റെസ്റ്റോറന്റ് ഉടമകള്‍ തിരികെ വാങ്ങിയെന്ന് നിനുമോള്‍ ആരോപിച്ചു. നികുതി അടയ്ക്കാനാണ് ഈ പണം എന്ന വ്യാജേന തിരികെ വാങ്ങുകയായിരുന്നുവെന്ന് നീനുമോൾ വെളിപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നീനുമോൾ

കരാറിൽ ആഴ്ച 38 മണിക്കൂർ ജോലിചെയ്യണമെന്ന് ആയിരുന്നുവെങ്കിലും 70 മണിക്കൂർ വരെ പണിയെടുത്തു. ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടതായി വന്നു. എന്നാൽ അതിന് അധിക ശമ്പളം നൽകാൻ ഉടമകൾ തയ്യാറായില്ല. അവധിയെടുക്കാൻ അനുവാദം ഇല്ലായിരുന്നുവെന്നും ഒരു ദിവസം അവധിയെടുത്താൽ 100 ഡോളർ തിരികെ നൽകണമായിരുന്നുവെന്നും നീനുമോൾ വെളിപ്പെടുത്തി. ഈ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും, വിസ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി നീനുമോൾ ട്രൈബ്യൂണലില്‍ പറഞ്ഞു. 2019 ജനുവരി 13 ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. മെഡിക്കൽ ലീവ് എടുത്ത ദിവസമാണ് തന്നെ പിരിച്ചുവിട്ടതെന്ന് നീനുമോൾ വെളിപ്പെടുത്തി. കാരണം കൂടാതെ പെട്ടെന്ന് തന്നെ പിരിച്ചുവിടുകയായിരുന്നു. ഇതിനെത്തുടർന്ന് യുണൈറ്റഡ് വോയിസ്‌ യൂണിയനെ സമീപിക്കുകയും അതുവഴി മനുഷ്യാവകാശ ലംഘനത്തിന് പരാതിപ്പെടുകയുമായിരുന്നു.

ബിന്നീസ് കാത്തീറ്റോ റെസ്‌റ്റോറന്റിന്റെ മുൻപിൽ നീനു മോൾ.

നിനുമോള്‍ക്ക് നല്‍കിയിരുന്ന ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം തിരിച്ചുപിടിക്കുകയും, അധിക സമയം ജോലിയെടുപ്പിക്കുകയും ചെയ്തു എന്ന് ട്രൈബ്യൂണല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 17,940 ഡോളർ നഷ്ടപരിഹാരം നല്‍കാന്‍ റെസ്റ്റോറന്റ് ഉടമ റോസ് തോമസിനോടും, ഭര്‍ത്താവ് ബിന്നി ബാബുവിനോടും ആവശ്യപ്പെട്ടത്. ശമ്പള കുടിശ്ശികയും, മാനനഷ്ടത്തിനുള്ള പരിഹാരവുമായി 13,320 ഡോളറും, നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടതിന്റെ കുടിശ്ശികയായി 4,620 ഡോളറുമാണ് നല്‍കേണ്ടത്. മോശം ഷെഫ് ആയിരുന്നു നീനുമോൾ എന്നും ഭക്ഷണം പാകംചെയ്യാൻ അറിയില്ലായിരുന്നുവെന്നും റെസ്റ്റോറന്റ് ഉടമകൾ വാദിച്ചു. എന്നാൽ ന്യൂസിലാൻഡിൽ 4 വർഷം ഷെഫ് ആയി ജോലിചെയ്ത ശേഷമാണ് നീനുമോൾ കാൻബറയിൽ എത്തിയത്. നടപടിയിൽ സന്തോഷമുണ്ടെന്നും ഇത്തരത്തില്‍ ചൂഷണം നേരിടുന്ന മറ്റുള്ളവര്‍ക്കും മുന്നോട്ടുവരാന്‍ ഈ ഉത്തരവ് പ്രചോദനമാകുമെന്നും നീനുമോൾ അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട ബിന്നിസ് കത്തിറ്റോ എന്ന റെസ്‌റ്റോറന്റ് പിന്നീട് പൂട്ടിയിരുന്നു.