വര്‍ഗീസ് ഡാനിയേല്‍
ഷെഫീല്‍ഡ് ഇംഗ്ലീഷ് ഇന്‍സ്റ്റിട്യൂട്ടിന്റെ വോളിബോള്‍ കോര്‍ട്ടിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നടന്ന രണ്ടാമത് യൂറോപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കെവിസി ബര്‍മിംഗ്ഹാം ചാമ്പ്യന്മാരായി. ശനിയാഴ്ച രാവിലെ പത്തുമണിക്ക് തുടങ്ങിയ മല്‍സരം വൈകിട്ട് എട്ടുമണിക്ക് അവസാനിച്ചപ്പോള്‍ ചരിത്രം ആവര്‍ത്തിച്ചു കൊണ്ടായിരുന്നു മുന്‍ വര്‍ഷത്തെ ജേതാക്കളായ കെ വി സി ബിര്‍മ്മിംഗ്ഹാം ‘ജോസ്കോ ജ്യൂവലേഴ്സ് കോട്ടയം’ എവര്‍ റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടത്. മുന്‍ വര്‍ഷത്തെ റണ്ണര്‍ അപ്പായ ലിവര്‍പ്പൂള്‍ വോളിബോള്‍ ക്ലബ്ബ് ഇക്കുറിയും തല്‍സ്ഥാനം നില നിര്‍ത്തി.ഓസ്ട്രിയന്‍ ടീമായ വിയന്നക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
എസ് കെ സി എ പ്രസിഡന്റ് ശ്രീ. ബിജു മാത്യൂ സ്വാഗതം ആശംസിച്ച ശേഷം രാവിലെ പത്തുമണിക്ക് ക്ലബ്ബിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ശ്രീ. വിന്‍സന്റ് വര്‍ഗ്ഗീസ് തിരിതെളിച്ച് ഉത്ഘാടനം നിര്‍വ്വഹിച്ച മല്‍സരത്തില്‍ എട്ടു ടീമുകള്‍ രണ്ടു വിഭാഗങ്ങളിലായി ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് കളികള്‍ വീതം ജയിച്ച് സെമിയില്‍ പ്രവേശിച്ച വിയന്നയും ബര്‍മ്മിംഗ്ഹാമും ഫൈനലില്‍ എത്തുമെന്ന ഏവരുടേയും പ്രതീക്ഷയെ തകര്‍ത്തു കൊണ്ട് വിയന്നക്കെതിരെ രണ്ടു സെറ്റ് ജയം നേടി ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പ്പൂള്‍ ഫൈനലില്‍ എത്തിയപ്പോള്‍ മല്‍സരത്തിന്റെ ആവേശം പതിന്മടങ്ങായി. ബിന്‍സു ജോണിന്റെ നേതൃത്വത്തില്‍ പോരാടിയ ബര്‍മ്മിംഗ്ഹാമും വംസിയുടെ നേതൃത്വത്തില്‍ കളിച്ച ലിവര്‍പൂളും ഇഞ്ചോടിഞ്ചു പോരാടിയപ്പോള്‍ കാണികള്‍ ആവേശഭരിതരായി. അത്യുജ്ജ്വലമായ പോരാട്ടം കാഴ്ച വച്ചെങ്കിലും മറുപടിയില്ലാത്ത രണ്ടു സെറ്റുകള്‍ക്ക് വഴങ്ങി ബര്‍മിംഗ്ഹാമിനോട് ലിവര്‍പൂള്‍ അടിയറവുപറഞ്ഞു.
ആദ്യസെമിയില്‍ ബര്‍മിംഗ്ഹാമിനെതിരെ ഒരു സെറ്റ് നേടിയ ശേഷം പിന്നീടുള്ള രണ്ടു സെറ്റുകള്‍ പരാജയപ്പെട്ട കേംബ്രിഡ്ജും, ലിവര്‍പൂളിനോട് പരാജയപ്പെട്ട വിയന്നയും തമ്മില്‍ നടന്ന ലൂസേഴ്സ് ഫൈനലും ആവേശം നിറഞ്ഞതായിരുന്നു. ഈ മത്സരത്തില്‍ വിജയിച്ച വിയന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി ലിവര്‍പൂള്‍ ടീമിലെ വംസിയെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച തന്ത്രങ്ങളിലൂടെ ബര്‍മിംഗ്ഹാം ടീമിനെ വിജയത്തിലേക്ക് എത്തിച്ച കിരണ്‍ ജോസഫ് ആണ് മികച്ച ഡിഫന്റ്. പ്രോമിസിംഗ് ടീമിനുള്ള അവാര്‍ഡ് കാര്‍ഡിഫ് വോളിബോള്‍ ടീമിനാണ് ലഭിച്ചത്.
കളിക്കളത്തില്‍ രണ്ടു വൈദീകരും തങ്ങളുടെ വോളിബോള്‍ മികവ് പരീക്ഷിക്കുവാന്‍ എത്തിയിരുന്നു. ലിവര്‍പ്പൂള്‍ ടീമംഗമായിരുന്ന ഫാ. റോയി, കാര്‍ഡിഫ് ടീമംഗമായ ഫാ. ആംബ്രോസ് എന്നിവരായിരുന്നു മികച്ച കളി കാഴ്ച വച്ച ആ വൈദീകര്‍.
മുന്‍ കസ്റ്റംസ് ടീമംഗവും തൊടുപുഴ ന്യൂമാന്‍ കോളേജ് വോളിബോള്‍ ടീം ക്യാപ്റ്റനുമായിരുന്ന ജോസ് പരപ്പനാട്ട് ആയിരുന്നു ടൂര്‍ണ്ണമെന്റിലെ മെയിന്‍ റഫറി. തികച്ചും കുറ്റമറ്റ രീതിയില്‍ കളി നിയന്ത്രിച്ച അദ്ദേഹം ഈ ടൂര്‍ണ്ണമെന്റിന്റെ മികച്ച സംഘാടനത്തെ അഭിനന്ദിച്ചു. വിജയികളായ ബിര്‍മ്മിംഗ്ഹാം, ലിവര്‍പ്പൂള്‍, വിയന്ന ടീം ക്യാപ്റ്റന്മാരും പരാതിക്കിട നല്‍കാതെ നടത്തിയ സംഘാടന മികവിനെ അഭിനന്ദിച്ചു സംസാരിച്ചു.
അലൈഡ് ഫൈനാന്‍സിയേഴ്സും നീലഗ്ഗിരി റെസ്റ്റോറന്റും സ്പോണ്‍സേഴ്സ് ആയിരുന്ന ടൂര്‍ണ്ണമെന്റിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഡിനു വിന്‍സന്റിനും രണ്ടാം സമ്മാനം ഫാ. റോയിക്കും മൂന്നാം സമ്മാനം സ്റ്റാബിനും ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം റവ. ഫാദര്‍ സന്തോഷ് വാഴപള്ളിയും കളിക്കളത്തില്‍ പോരാടിയ വൈദീകരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ ടീമംഗങ്ങള്‍ക്കും സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാവര്ക്കും, മല്‍സരം കാണാനെത്തിയവര്‍ക്കും, ക്ലബിന്റെ ഭാരവാഹികളായ ശ്രീ ഡോണി സ്കറിയ, ശ്രീ ജോജി ജോസഫ്, ശ്രീ വിന്‍സന്റ് വര്‍ഗ്ഗീസ് എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു.
Leave a Reply