ഹാദിയ കേസിൽ പിതാവ് അശോകന്റെ ഹർജിയിൽ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍. കനകമല ഐഎസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായാണ് എന്‍ഐഎ സംഘം ജയിലിലെത്തിയത്. കനകമല കേസിലെ ഒന്നാം പ്രതിയായ മന്‍സീദുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിനായി ഇവര്‍ ആരംഭിച്ച വാട്സ്‌ആപ്പ് ടെലഗ്രാം ഗ്രൂപ്പുകളില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നതായും ഐഎസ് ഏജന്റുമാരുമായി സംസാരിച്ചതിന് തെളിവുണ്ടെന്നും എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തിനായി കണ്ണൂരിലെ കനകമലയില്‍ ഇവര്‍ യോഗം ചേര്‍ന്നതായാണ് കണ്ടെത്തല്‍. ഈ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി ഷെഫ്വാന്‍ എന്നിവരെ തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ എന്‍ഐഎ സംഘം ചോദ്യം ചെയ്യും.