ഡാലസ്: ഷെറിന്റെ മരണത്തില്‍ വെസ്ലി മാത്യൂസിനു മേലുള്ള കുരുക്ക് മുറുകുന്നു. മരണത്തില്‍ ഏറെ ദുരൂഹതകളുള്ളതായി പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം ലഭിച്ചതിനു പിന്നാലെ മൊഴി തിരുത്തിയ വെസ്ലിയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടിയെന്നും കുട്ടി മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ രണ്ടാമത് നല്‍കിയ മൊഴി. എന്നാല്‍ കുട്ടിക്ക് ശ്വാസം മുട്ടിയപ്പോള്‍ അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന നഴ്‌സായ ഭാര്യയുടെ സഹായം എന്തുകൊണ്ട് തേടിയില്ല എന്ന ചോദ്യമാണ് പോലീസ് ഉന്നയിക്കുന്നത്.

കുഞ്ഞിനെ മര്‍ദ്ദിച്ചതായും രണ്ടാമത്തെ മൊഴിയില്‍ വെസ്ലി പറഞ്ഞിട്ടുണ്ട്. ഡാലസില്‍ രജിസ്റ്റേര്‍ഡ് നഴ്‌സാണ് വെസ്ലിയുടെ ഭാര്യ സിനി. ഷെറിന്റെ മൃതദേഹം കണ്ടെത്തിയ കലുങ്കും പരിസരങ്ങളും നേരത്തേയും പരിശോധിച്ചിരുന്നതാണ്. അപ്പോള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് റിച്ചാര്‍ഡ്‌സണ്‍ പോലീസിലെ സാര്‍ജന്റ് കെവിന്‍ പെര്‍ലിച്ച് പറഞ്ഞു. ശനിയാഴ്ച ഇവിടെ കനത്ത മഴ പെയിതിരുന്നു. അതിനു ശേഷം പോലീസ് നായ്ക്കള്‍ക്ക് ഗന്ധം വ്യക്തമായി കിട്ടിയതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൊഴി മാറ്റിപ്പറഞ്ഞതോടെ അറസ്റ്റിലായ വെസ്ലിയെ ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. മാനസിക നിലയില്‍ തകരാറുണ്ടോ എന്ന നിരീക്ഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സിനിയെ ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും അവര്‍ അതിനു പറ്റിയ മാനസികാവസ്ഥയിലല്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ താന്‍ കേസില്‍ നിന്ന് പിന്‍മാറിയതായി പിന്നീട് അഭിഭാഷകന്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.