കൊച്ചി: താഴെവച്ചാല്‍ ഉറുമ്പരിക്കുമെന്ന മട്ടില്‍ വെസ്ലിയും സിനിയും കൊണ്ടുനടന്ന ഓമനത്തമുള്ള ഒന്നര വയസുകാരി. ഇപ്പോള്‍ അമേരിക്കയില്‍ കുഞ്ഞു ഷെറിനെ കാണാതായെന്ന വാര്‍ത്തകള്‍ വന്നപ്പോഴാണ് ഒന്നര വര്‍ഷത്തോളം മുമ്പ് വെസ്ലിയും സിനിയും ദത്തെടുത്ത കുഞ്ഞായിരുന്നു അതെന്ന് വൈറ്റിലയില്‍ വെസ്ലിയുടെ കുടുംബവീടിന്റെ അയല്‍വാസികള്‍ അറിയുന്നത്.

വൈറ്റില ജനത എല്‍.എം. പൈലി റോഡില്‍ നടുവിലേഴത്ത് സാം മാത്യുവിന്റെയും വല്‍സമ്മയുടെയും മകനാണു വെസ്ലി മാത്യു. ഷെറിനെ കാണാതായ വാര്‍ത്തകള്‍ വന്നശേഷം സാമും വല്‍സമ്മയും വീടുപൂട്ടി പോയതായി സമീപവാസികള്‍ പറഞ്ഞു. അയല്‍ക്കാരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു സാമിന്റേത്. കഴിഞ്ഞ 15നു പള്ളിയില്‍ പോയശേഷം തിടുക്കത്തില്‍ സാധനങ്ങളുമെടുത്ത് വീടുപൂട്ടി പോകുകയായിരുന്നു. വാര്‍ത്തകള്‍ സംബന്ധിച്ച് അയല്‍ക്കാരുമായി സംസാരിക്കാന്‍ ഇവര്‍ തയാറായിരുന്നില്ല.

നാട്ടിലെത്തിയപ്പോള്‍ വെസ്ലിയും സിനിയും വളരെ സ്‌നേഹത്തോടെയാണു കുഞ്ഞിനോടു പെരുമാറിയിരുന്നതെന്നു സമീപവാസികള്‍ പറയുന്നു. വെസ്ലിക്ക് മൂത്ത മകള്‍ ഉണ്ടായിരുന്നെങ്കിലും ഷെറിനോടും വളരെ കരുതലായിരുന്നു. എന്നാല്‍ സാമിനും വല്‍സമ്മയ്ക്കും കുഞ്ഞിനെ ദത്തെടുത്തതിനോടു താല്‍പര്യമില്ലായിരുന്നുവെന്നു സൂചനയുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദേശത്തായിരുന്ന സാം ഇരുപതു വര്‍ഷമായി ജനതയില്‍ വീടുവച്ച് താമസം തുടങ്ങിയിട്ട്. ഇവിടെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷത്തേക്ക് അമേരിക്കയിലേക്കു പോയ സാമും ഭാര്യയും രണ്ടു മാസം മുമ്പാണു തിരിച്ചെത്തിയത്. പത്തനംതിട്ട ഇടയാറന്‍മുള സ്വദേശിയായ സാമിന് മൂന്നു മക്കളാണുള്ളത്. ആണ്‍മക്കള്‍ രണ്ടുപേരും അമേരിക്കയില്‍. മകള്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍. സാം താമസിക്കുന്ന വീടിനു സമീപം മകളുടെ വീടുമുണ്ട്. ഇതു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്.

ഈ മാസം ഏഴിനാണു വടക്കന്‍ ടെക്‌സസില്‍നിന്നു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളര്‍ത്തച്ഛന്‍ വെസ്ലി പോലീസിനെ അറിയിച്ചത്.
അതിനിടെ, അമേരിക്കയില്‍ കാണാതായ മലയാളിദമ്പതികളുടെ വളര്‍ത്തുപുത്രി ഷെറിന്റെ ദത്തെടുക്കല്‍ സംബന്ധിച്ച് ബിഹാര്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വെസ്‌ലി മാത്യുവും ഭാര്യ സിനിയും ചേര്‍ന്ന് 2016 ജൂണിലാണ് നളന്ദയിലെ മദര്‍ തെരേസാ അന്ധ സേവാ ആശ്രമത്തില്‍നിന്നു ഷെറിനെ ദത്തെടുത്തത്. വിവിധ ആരോപണങ്ങളെ തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിനു സ്ഥാപനം അടച്ചു പൂട്ടാന്‍ സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ വകുപ്പ് ഉത്തരവിട്ടിരുന്നു. ഷെറിനെ കാണാതായ വാര്‍ത്ത പുറത്തുവന്നതോടെ നളന്ദാ ജില്ല മജിസ്‌ട്രേറ്റ് എസ്.എം. ത്യാഗരാജന്‍ മൂന്നംഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. ദത്തെടുക്കലിനു പാലിച്ച നടപടി ക്രമങ്ങളെ കുറിച്ചാണു സമിതി അന്വേഷിക്കുന്നത്. തങ്ങള്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിട്ടില്ലെന്ന് ആശ്രമം സെക്രട്ടറി ബബിതാ കുമാരി പറഞ്ഞു. ഗയയിലെ ഒരു ശിശു സംരക്ഷണ കേന്ദ്രം വഴിയാണ് ഷെറിന്‍ നളന്ദയിലെ ആശ്രമത്തിന്റെ സംരക്ഷണയിലാകുന്നത്.

ഷെറിന് ഏഴു മാസം പ്രായമുള്ളപ്പോഴായിരുന്നു സംഭവം. സരസ്വതിയെന്ന കുഞ്ഞിനു ഷെറിന്‍ എന്നു പേരിട്ടതു തങ്ങളാണെന്നു ബബിതാ കുമാരി പറഞ്ഞു. പാല്‍ കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയെന്ന പിതാവിന്റെ വാദം സംശയാസ്പദമാണെന്നും പാലും പാലുല്‍പ്പന്നങ്ങളും കുഞ്ഞ് ഷെറിന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നെന്നും അവര്‍ പറഞ്ഞു.