റിച്ചാര്‍ഡ്‌സന്‍, ടെക്‌സസ്: അമേരിക്കന്‍ മലയാളി ദമ്പതികളുടെ ദത്ത് പുത്രി മൂന്നു വയസുകാരി ഷെറിനെ കാണാതായിട്ടു മൂന്നു ദിവസമായതോടെ പോലീസ് അംബര്‍ അലര്‍ട്ട് പിന്‍ വലിച്ചു. സൂചനകളോ തെളിവുകളോ ഒന്നും ലഭിക്കാത്ത സഹചര്യത്തിലാണിത്. ആവശ്യമെങ്കില്‍ വീണ്ടും അലര്‍ട്ട് പുറപ്പെടുവിക്കുമെന്നു പോലീസ് പറയുന്നു. ഇപ്പോള്‍ തങ്ങള്‍ക്കു ആരെയെങ്കിലും സംശയമോ ഏതെങ്കിലും വാഹനത്തെപറ്റി സൂചനയോ ഒന്നുമില്ലെന്നും അതിനാലാണു അലര്‍ട്ട് പിന്‍ വലിക്കുന്നതെന്നും പോലീസ് അറിയിച്ചു.

എല്ലാം ഒരു കടംകഥ പോലെ തുടരുന്നു. ചൈല്‍ഡ് എന്‍ഡെയ്‌ഞ്ചെര്‍മെന്റ് വകുപ്പു പ്രകാരം കസ്റ്റഡിയിലെടുത്ത പിതാവ് വെസ്ലി മാത്യൂസിനെ (37) തിങ്കളാഴ്ച രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു. അതേ സമയം നാലു വയസുള്ള മൂത്ത കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ടിവ് സര്‍വീസ് ഏറ്റെടുത്തു ഫോസ്റ്റര്‍ കെയറിലേക്കു മാറ്റി. ചൈല്‍ഡ് പ്രൊട്ടക്ടിവ് സര്‍വീസ് നേരത്തെയും വീട്ടില്‍ വന്നിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ വിസമ്മതിച്ചു

മാനസിക വളര്‍ച്ചക്കുറവുള്ള ഷെറിന്‍ സുരക്ഷിതയായി തിരിച്ചു വരാന്‍ അറിഞ്ഞവരും കേട്ടവരും പ്രാഥിക്കുന്നു. വെസ്ലിയെപറ്റിയോ കുട്ംബത്തെ പറ്റിയൊ ഇതേ വരെ ആരും ഒരു ആക്ഷേപവും പറഞ്ഞിട്ടില്ല. അതിനാല്‍ എന്താണു സംഭവിച്ചതെന്നറിയാതെ മലയാളി സമൂഹവും പകച്ചു നില്‍ക്കുന്നു.

പാല്‍ കുടിക്കാത്തതിനാല്‍ ശിക്ഷ എന്ന നിലയില്‍ ശനിയാഴ്ച (ഒക്ടോബര്‍ 7) പുലര്‍ച്ചെ മൂന്നു മണിക്കു കുട്ടിയെ ബാക്ക് യാര്‍ഡിന്റെ പുറത്ത് ഒരു വലിയ മരത്തിന്റെ കീഴില്‍ നിര്‍ത്തുകയായിരുന്നുവെന്നു വെസ്ലി പോലീസില്‍ പറഞ്ഞു. 15 മിനിട്ട് കഴിഞ്ഞു ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ല.വീട്ടില്‍ നിന്ന് 100 അടി അകലെ ഫെന്‍സിനു സമീപത്താണു മരം. ഈ ഭാഗം പോലീസ് വീണ്ടും അരിച്ചു പെറുക്കി.

ഷെറിനെ നിര്‍ത്തിയ മരത്തിനു സമീപം തെളിവുകള്‍ ശേഖരിക്കുന്ന പോലീസ് ഓഫീസര്‍

വെസ്ലിയുടെ ഭാര്യയെ ചൊദ്യം ചെയ്ത ശേഷം വിട്ടയച്ചു. അവര്‍ക്കെതിരെ ചാര്‍ജുകളൊന്നുമില്ല. സംഭവം നടക്കുമ്പോള്‍ ഇവര്‍ ഉറക്കത്തിലായിരുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണു ഈ ദമ്പതികള്‍ക്ക് ഒരു കുട്ടി പിറന്നതെന്നു അയല്‍ക്കാരനെ ഉദ്ധരിച്ച് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ ഉണ്ടാകാന്‍ താമസിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഒരു കുട്ടിയെ ദത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് ഇവര്‍ക്ക് കുട്ടി ഉണ്ടാവുകയും, കുട്ടിയെ ദൈവം അത്ഭുതകരമായി നല്‍കിയതിന്റെ നന്ദി സൂചകമായി മറ്റൊരു കുട്ടിക്കു കൂടി ജീവിതം നല്‍കാമെന്നു കരുതി ദത്തെടുക്കല്‍ നടപടികള്‍ മുന്‍പോട്ടു കൊണ്ട് പോകുകയുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ദത്തെടുത്ത ഷെറിന്‍ മാനസിക വികാസം പ്രാപിക്കാത്ത കുട്ടിയാണെന്നു ഇവരെ അറിയിച്ചിരുന്നില്ലത്രെ. ആവശ്യത്തിനു പോഷകാഹാരം ലഭിക്കാതെ വളര്‍ച്ചയെ ബാധിച്ച നിലയിലാണു കുട്ടിയെ ദത്തെടുക്കുന്നത്. ഇവര്‍ക്ക് ലഭിക്കുമ്പോള്‍ ഷെറിന്‍റെ കൈക്ക് പൊട്ടല്‍ ഉണ്ടായിരുന്നതായും പറയുന്നു. അതിനാല്‍ രാത്രി ഉണര്‍ന്നു ഭക്ഷണം കഴിക്കുന്ന പതിവ് കുട്ടിക്കുണ്ടായിരുന്നുവെന്നു കുടുംബാംഗങ്ങള്‍ പോലീസിനെ അറിയിച്ചു.

കുട്ടിയെ ശനിയാഴ്ച പുലര്‍ച്ചെ മൂന്നേകാലിനു കാണാതായെങ്കിലും രാവിലെ എട്ടു മണിയോടെയാണു പോലീസില്‍ പരാതിപ്പെടുന്നത്. ഈ കാലതാമസത്തിനു വ്യക്തമായ വിശദീകരണമില്ല. കുട്ടിയെ നിര്‍ത്തിയ മരത്തിന്റെ ചുവട്ടില്‍ മാത്യൂസിനെയും കൂട്ടി പോലീസ് എത്തിയിരുന്നു.

ഇവരുടെ വീടിനടുത്തൊക്കെ ചെന്നായയെ കാണാറുണ്ടെന്നു വെസ്ലി പൊലീസിനൊട് പറഞ്ഞു. എന്നാല്‍ ചെന്നായ മനുഷ്യരെ ഉപദ്രവിക്കുന്നത് വിരളമാണെന്നു ഹ്യൂമന്‍ സൊസൈറ്റി പറയുന്നു. മാത്രവുമല്ല ചെന്നായ കുട്ടിയെ വളരെ ദൂരം വലിച്ചു കൊണ്ടു പോകാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ പറയുന്നു

അതു പോലെ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായും സൂചനയില്ലെന്നു പോലീസ് പറയുന്നു.
വീട്ടിലെ മൂന്നു വാഹനങ്ങള്‍, ഫോണ്‍, ലാപ്പ്‌ടോപ്പ് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കുടുംബം സര്‍വീസില്‍ പങ്കെടുക്കുന്ന ഇര്‍വിംഗിലെ ഇമ്മാനുവല്‍ ബൈബിള്‍ ചാപ്പല്‍ അംഗങ്ങള്‍ ഷെറിനെ കണ്ടെത്താനായി വ്യാപകമായി ഫ്‌ളയറുകള്‍ വിതരണം ചെയ്തു. കുട്ടി ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ തിരിച്ചെത്തിക്കണമെന്നു ചര്‍ച്ച് അധികൃതര്‍ അഭ്യര്‍ഥിച്ചു.