ന്യൂസ് ഡെസ്ക് മലയാളം യുകെ

ടോക്കിയോ : ഒളിമ്പിക്സിൽ തന്റെ സ്വർണം നിലനിർത്തി നീന്തൽ സൂപ്പർ സ്റ്റാർ ആദം പീറ്റി. പുരുഷന്മാരുടെ 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ലോക റെക്കോർഡ് ജേതാവ് ആയ പീറ്റി 57.37 സെക്കന്റിൽ നീന്തിക്കയറിയാണ് തന്റെ സ്വർണ മെഡൽ നിലനിർത്തിയത്. ഇതോടെ ഒളിമ്പിക് സ്വർണം നിലനിർത്തുന്ന ആദ്യ ബ്രിട്ടീഷ് താരമായി ആദം പീറ്റി. ഡച്ച് താരം അർണോ കമിംഗ ഈ ഇനത്തിൽ വെള്ളി നേടിയപ്പോൾ ഇറ്റാലിയൻ താരം നിക്കോള മാർട്ടിനെഗി വെങ്കലം നേടി. ടോക്കിയോയിൽ സ്വന്തം ലോക റെക്കോർഡ് 56.88 സെക്കൻഡിൽ തകർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും, നെതർലൻഡിന്റെ വെള്ളി മെഡൽ ജേതാവായ അർനോ കമ്മിംഗയേക്കാൾ അതിവേഗമാണ് പിറ്റി ഫിനിഷ് ചെയ്തത്. കഴിഞ്ഞ മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിൽ 100 ​​മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്ക് ചാമ്പ്യനായ വ്യക്തിയാണ് പിറ്റി. അഞ്ചു തവണ ലോക റെക്കോർഡ് തകർത്തു.

അതേസമയം പുരുഷന്മാരുടെ ഡൈവിംഗ് 10 മീറ്റർ സിൻക്രോനൈസ്ഡ് പ്ലാറ്റ് ഫോം ഫൈനലിൽ ടോം ഡെയ്‌ലി, മാറ്റി ലീയ്‌ക്കൊപ്പം ഗ്രേറ്റ്‌ ബ്രിട്ടനായി ഒളിമ്പിക് സ്വർണം നേടി. നാലാമത്തെ ഒളിമ്പിക് ഗെയിംസിലാണ് തന്റെ ആദ്യ സ്വർണ്ണ മെഡൽ ഡെയ് ലി നേടിയെടുക്കുന്നത്. “എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.” സ്വർണ നേട്ടത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും വെങ്കല മെഡൽ ജേതാവായിരുന്നു ഡെയ്‌ലി. ഒളിമ്പിക്സിൽ പങ്കെടുക്കാനും സ്വർണ്ണ മെഡൽ നേടാനും ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഡെയ്‌ലി ബിബിസിയോട് പറഞ്ഞപ്പോൾ വെറും 11 വയസ്സ്. പതിനാറ് വർഷം കഴിഞ്ഞപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമായി. 471.81 എന്ന സ്കോർ നിലയിലാണ് അവർ ഫിനിഷ് ചെയ്തത്.

ഡെയ് ലിയുടെയും ലീയുടെയും നേട്ടത്തിന് ശേഷം അരമണിക്കൂറിനുള്ളിൽതന്നെ സൈക്ലിസ്റ്റ് പിഡ്‌കോക്ക് ബ്രിട്ടന് മൂന്നാമത്തെ സ്വർണം സമ്മാനിച്ചു. പുരുഷന്മാരുടെ ക്രോസ്-കൺട്രി മൗണ്ടൻ ബൈക്കിംഗിൽ തന്റെ ആധിപത്യം സ്ഥാപിച്ച പിഡ്കോക്ക് സ്വർണം കരസ്ഥമാക്കി. തായ്‌ക്വോണ്ടോയിൽ , ലോറൻ വില്യംസ് വനിതകളുടെ 67 കിലോഗ്രാം ഫൈനലിലേക്ക് യോഗ്യത നേടി. ക്രൊയേഷ്യയുടെ മാറ്റിയ ജെലിക്കിനെയാണ് ഫൈനലിൽ നേരിടുന്നത്. പുരുഷ ഹോക്കി ടീമും കാനഡയെ 3-1 ന് പരാജയപ്പെടുത്തി. ഉഷ്ണമേഖലാ കൊടുങ്കാറ്റ് നാളെ ടോക്കിയോയിൽ വീശുമെന്ന് ഒളിമ്പിക് സംഘാടകർ പറയുന്നെങ്കിലും ഇത് ഗെയിംസിന് വലിയ തടസ്സമുണ്ടാക്കുമെന്ന് കരുതുന്നില്ല. റോയിംഗ്, ആർച്ചറി ഇവന്റുകൾ ഇതിനകം മാറ്റിവച്ചിട്ടുണ്ട്.