ന്യൂസ് ഡെസ്ക്, മലയാളം യുകെ

മൃഗക്ഷേമ നിയമത്തിൽ വ്യാപകമായ പരിഷ്കാരങ്ങളുടെ ഭാഗമായി, ഇംഗ്ലണ്ടിൽ മുയലുകളെ (hares) വെടിവെച്ച് കൊല്ലുന്നത് വർഷത്തിലെ ഭൂരിഭാഗം സമയത്തും നിരോധിക്കാൻ സർക്കാർ തീരുമാനം കൈക്കൊള്ളുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. നിലവിലെ നിയമങ്ങളിൽ ഉള്ള പോരായ്മകൾ കാരണം കാട്ടുമൃഗങ്ങൾക്ക് കനത്ത തോതിൽ വേട്ടയാടൽ നേരിടേണ്ടി വരുന്നതായുള്ള ആരോപണങ്ങൾ ശക്തമായതോടെയാണ് ഈ നടപടി. പുതിയ മൃഗക്ഷേമ നയം തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷണവും മൃഗങ്ങളുടെ അവകാശങ്ങളും മുൻനിർത്തിയുള്ള നടപടിയെന്ന നിലയിലാണ് സർക്കാരിന്റെ ഈ നീക്കത്തെ വിലയിരുത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം മുയലുകളുടെ പ്രജനകാലത്തു പോലും വേട്ട നിയമപരമാണ്. ഇതുമൂലം ഗർഭിണിയായ മുയലുകൾ വെടിയേറ്റ് രക്തം വാർന്ന് മരിക്കുന്നതും, അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ അനാഥരായി വിശപ്പും തണുപ്പും മൂലം മരിക്കുന്നതും പതിവാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മൃഗക്ഷേമ സംഘടനകൾ വർഷങ്ങളായി ശക്തമായ പ്രചാരണം നടത്തി വരികയായിരുന്നു. പൊതുജനാഭിപ്രായവും ശാസ്ത്രീയ പഠനങ്ങളും സർക്കാരിന്റെ നിലപാട് മാറ്റാൻ കാരണമായി.

ഇതോടൊപ്പം ‘ട്രെയിൽ ഹണ്ടിംഗ്’ എന്ന വേട്ടരീതിയും നിരോധിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ജീവനുള്ള മൃഗത്തെ നേരിട്ട് പിന്തുടരാതെ നായകളെ ഉപയോഗിക്കുന്നതാണ് ഈ രീതി. തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായിരുന്ന ഈ നിരോധനത്തിന് നിയമപരമായ വഴിയൊരുക്കുന്ന നടപടികളാണ് പുതിയ മൃഗക്ഷേമ നയത്തിൽ ഉൾപ്പെടുത്തുന്നത്. മൃഗക്ഷേമ നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിലൂടെ വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി പ്രവർത്തകർ.