ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാലന്റൈൻസ് ഡേയുടെ അന്ന് കെൻ്റിലെ ഒരു പബ്ബിന് സമീപം യുവതി വെടിയേറ്റ് മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 43 വയസ്സുകാരിയായ ലിസ സ്മിത്തിനെ വെടി വെച്ചത് ഭർത്താവാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൃത്യം നടത്തിയതിനു ശേഷം ലിസയുടെ ഭർത്താവ് സ്റ്റോക്കിംഗ്‌സ് ഒരു സുഹൃത്തിനെ ഫോൺ വിളിച്ച് താൻ അവളെ കൊന്നുവെന്ന് പറഞ്ഞത് പുറത്തുവന്നതാണ് കൂടുതൽ വിവരങ്ങളിലേയ്ക്ക് വെളിച്ചം വീശാൻ കാരണമായത്.
കുടുംബ പ്രശ്നങ്ങൾ ആണ് കൊടുംക്രൂരതയിലേയ്ക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൃത്യം നടത്തിയതിന് ശേഷം സ്റ്റോക്കിംഗ്‌സ് തേംസ് നദിയിൽ ചാടി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയാണ് ഇപ്പോൾ സംശയിക്കുന്നത്. മൂന്ന് ദിവസത്തിലേറെയായി നദിയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിട്ടില്ല.
വാലൻ്റൈൻസ് ദിനത്തിൽ പബ്ബിൻ്റെ കാർ പാർക്കിൽ വെച്ചാണ് 43 കാരിയായ ലിസ സ്മിത്ത് വെടിയേറ്റ് മരിച്ചു. മൂന്ന് വെടിയൊച്ചകളുടെ ശബ്ദം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തിരച്ചിൽ ഓപ്പറേഷനിൽ കോസ്റ്റ്ഗാർഡ്, ആർഎൻഎൽഐ, ലണ്ടൻ ഫയർ ബ്രിഗേഡ് ഡ്രോണുകൾ, മെട്രോപൊളിറ്റൻ പോലീസ് ബോട്ട് ടീം എന്നിവർ പങ്കെടുക്കുന്നുണ്ട് . സംശയിക്കുന്നയാളുമായി ബന്ധമുള്ള ഒരു കാറും തോക്കും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ത്രീ ഹോഴ്സ്ഷൂസ് പബ്ബിന് പുറത്താണ് വെടിവയ്പ്പ് നടന്നത്. വെടിവെയ്പ്പ് ഉണ്ടായ സ്ഥലത്ത് തന്നെ സ്ത്രീ മരണമടഞ്ഞിരുന്നു.
Leave a Reply