പ്രതീഷ് മാത്യു

പതിവുപോലെ ഓഫീസിലേക്കുള്ള അലസമായ ആ ബൈക്ക് യാത്ര ഒന്ന് മാത്രമാണ് അവന് സ്വതന്ത്രമായി തോന്നാറുള്ളത്. വീട്ടില്‍ നിന്നും കുറച്ചു നേരത്തെ തന്നെ ഇറങ്ങാറുണ്ട്. പോകുന്ന വഴിക്കു അന്നാരും തന്നെ ലിഫ്റ്റ് ചോദിയ്ക്കാന്‍ കണ്ടില്ല. മെയിന്‍ റോഡില്‍ കയറി കുറച്ചു പോയാല്‍ ഗംഗാധരേട്ടന്റെ ചായക്കട. അവിടെ കയറി ഒരു കാലിച്ചായയും ന്യൂസ് പേപ്പറും കുറച്ചു ലോക വിവരവും. അന്ന് ബസ് സ്റ്റോപ്പില്‍ പതിവ് മുഖങ്ങളുടെ കൂടെ ഒരു പര്‍ദ്ദ ഇട്ട കുട്ടിയെയും കണ്ടു. മറച്ചിരിക്കുന്ന മുഖത്തിനുള്ളില്‍ നിന്ന് നീണ്ടു വിടര്‍ന്ന മിഴികളില്‍ അവന്‍ അറിയാതെ ഒന്ന് ഉടക്കിപ്പോയി. അന്ന് ഓഫീസിലേക്കുള്ള യാത്രയില്‍ അവന്റെ മനസ്സില്‍ മുഴുവന്‍ ആ ഉടക്കിയ മിഴികള്‍ ആയിരുന്നു.

സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ തടവറ ആയി ആ മൂടുപടം അവന്റെ മനസ്സിനെ കുത്തി നോവിച്ചു. അത് ആ കുട്ടി ആഗ്രഹിച്ചു ധരിച്ചിരിക്കുന്നതാണോ… എന്തോ.. നമ്മുടെ നാട്ടിലും ഒരുപാട് മൂടുപടങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു..

തുടര്‍ന്നുള്ള ദിവസങ്ങളിലും അവന്‍ അവളെ ബസ് സ്റ്റോപ്പില്‍ സ്ഥിരം കാണുവാന്‍ തുടങ്ങി. അന്വേഷിച്ചപ്പോളാണ് മനസിലായത് ഈ അടുത്തായി അവന്റെ നാട്ടില്‍ വന്ന താമസക്കാരാണ്. ടൗണില്‍ ഉള്ള കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്നു. കോളേജിന് അടുത്ത് തന്നെ ആണ് അവന്റെ ഓഫീസും. തുടര്‍ന്ന് കോളേജ് വിടുന്ന സമയങ്ങളിലും ഇല്ലാത്ത സമയം ഉണ്ടാക്കി ഒന്ന് കറങ്ങി തുടങ്ങി. ചില ദിവസങ്ങളില്‍ അവളെ കാണാം..! അല്ല അവളുടെ കണ്ണുകള്‍ കാണാം…! അവള്‍ നോക്കുമ്പോ ഒന്ന് പുഞ്ചിരിക്കുന്നുണ്ടോ… എന്തോ അങ്ങനെ തോന്നാന്‍… ??

അവള്‍ എന്ത് വിചാരിച്ചാലും ശരി അവളോട് ഒന്ന് സംസാരിക്കണം, ആ മുഖം ഒന്നു കാണണം…

അന്ന് വൈകുന്നേരം അവന്‍ ബൈക്കുമായി പോയി അവളുടെ അരികില്‍ നിര്‍ത്തിയിട്ടു പറഞ്ഞു. ആ വഴിക്കു തന്നെയാണ് ഞാനും കയറിക്കോ.. ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും അവള്‍ അവന്റെ പിന്നില്‍ കയറി. വണ്ടി കുറച്ചു മുന്‍പോട്ടു പോയപ്പോ അവള്‍ പറഞ്ഞു… ഞാന്‍ ചേട്ടനെ മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് നാണം കെടുത്തണ്ട എന്ന് വിചാരിച്ചാണ് പിന്നില്‍ കയറിയത്, എന്നെ ആ അടുത്ത സ്റ്റോപ്പില്‍ ഇറക്കി വിട്ടേക്ക്. അവന്‍ പറഞ്ഞു കുട്ടി വേറെ ഒന്നും വിചാരിക്കരുത് കുട്ടിയുടെ ഈ പര്‍ദ്ദ എന്റെ ഉറക്കം കെടുത്തുന്നു.. നിന്റെ മുഖം ഒന്ന് കാണാന്‍ വേണ്ടി ആണ് ഞാന്‍ നിന്റെ പിന്നാലെ ഈ നടക്കുന്നത്. എന്തോ ഒരു ജിജ്ഞാസ.. അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തു പ്‌ളീസ്…അവള്‍ വീണ്ടും കേണു.

ബസ് സ്റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ അവള്‍ നീട്ടിയ കൈകളിലേക്ക് അവനും അത്ഭുതത്തോടെ കൈ കൊടുത്തു. അവള്‍ പറഞ്ഞു ഐ ആം ആമിന, ഫൈനല്‍ ഇയര്‍ ബി.എസ്‌സിക്കു പഠിക്കുന്നു… യാന്ത്രികമായ കൈകള്‍ പിന്‍വലിക്കുമ്പോഴും അവന്റെ നോട്ടം അവളുടെ കണ്ണുകളില്‍ തന്നെ ആയിരുന്നു.. അവള്‍ ചിരിച്ചു കൊണ്ട് ആ മൂടുപടം ഉയര്‍ത്തി എന്നിട്ടു പറഞ്ഞു.. പോട്ടെ…. അവന്‍ വാ തുറന്ന് നിന്ന് പോയി… എന്ത് ധൈര്യം ആണ് ഈ കുട്ടിക്ക്, ഇവളെ ആണോ ഈ മൂടുപടത്തിനുള്ളില്‍ തളച്ചിട്ടിരിക്കുന്നത്.. ഇത് സ്വതന്ത്ര ഇന്ത്യ അല്ലെ ഇവടെ സ്ത്രീകള്‍ക്കും തുല്യ സമത്വം വേണ്ടേ… എപ്പോഴാണ് വീടെത്തിയതെന്നോ എപ്പോഴാണ് ഉറങ്ങിയതെന്നോ അറിയില്ല അവന്‍ ആ സ്വപ്ന ലോകത്തില്‍ തന്നെ ആയിരുന്നു..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആ മൂടുപടത്തിനുള്ളിലെ സുന്ദര മുഖം…

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഉള്ള അവന്റെ ഓഫീസ് യാത്രകളില്‍ അവന് ഒരു പതിവ് സഹയാത്രിക കൂടെ ഉണ്ടായിരുന്നു – ആമിന. കയറുവാനും ഇറങ്ങുവാനും ഒരു ഇടത്താവളവും.. ഒഴിവു ദിവസങ്ങള്‍ അവര്‍ക്കു പലപ്പോഴും പ്രവൃത്തി ദിവസങ്ങള്‍ ആയിരുന്നു. അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവനോട് ചേര്‍ന്നുള്ള ദിവസങ്ങള്‍ അവളും അവളുടെ പര്‍ദ്ദ ഉപേക്ഷിക്കാന്‍ തയ്യാറായി. നല്ല സുഹൃത്തുക്കളായി തങ്ങളുടേതായ ജീവിതം അവര്‍ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.

അന്ന് കോളേജില്‍ സമരമോ മറ്റോ ആയിരുന്നു. വരാന്‍ പറ്റുമോ എന്ന് അവള്‍ ചോദിച്ചു. പിടിപ്പതു പണിയുണ്ട്, മാനേജര്‍ ഇത്തിരി ദേഷ്യത്തിലുമാണ് എന്ന് അവളോട് പറഞ്ഞു. അവള്‍ പറഞ്ഞു സാരല്യ ഞാന്‍ ഫ്രണ്ട്‌സിന്റെ കൂടെ ടൗണില്‍ ഒന്ന് കറങ്ങട്ടെ. ഷോപ്പിംഗ് മാളില്‍ ഒക്കെ ഒന്ന് പോയി വൈകിട്ട് പോകുമ്പോ ഒരുമിച്ചു പോകാം എന്ന്. പൂര്‍ണ സമ്മതം. ഉച്ചക്ക് മാനേജര്‍ ലീവ് പറഞ്ഞു പെട്ടെന്ന് പോയി. കേട്ട പാതി തന്നെ അവളെ വിളിച്ചു. അവര്‍ ഷോപ്പിംഗ് മാളില്‍ ഉണ്ട്. ഒരു കസ്റ്റമര്‍ വിസിറ്റ് സിസ്റ്റത്തില്‍ അപ്‌ഡേറ്റ് ചെയ്തു അവനും ഇറങ്ങി.

ഒരു പതിനഞ്ചു മിനുട്ടിനുള്ളില്‍ അവന്‍ മാളില്‍ എത്തി. തങ്ങളുടെ സ്ഥിരം ഐസ്‌ക്രീം പാര്‍ലറിലാണ് ഉള്ളത് എന്ന് പറഞ്ഞപ്പോ അവനു ഒരു അസ്വാസ്ഥ്യം. അവിടെ ചെന്ന് കഴിഞ്ഞപ്പോള്‍ അവളുടെ കൂടെ ഒരു ആറ് പേര്‍. പെണ്‍കുട്ടികള്‍ ഇവളും വേറെ ഒരു കുട്ടിയും മാത്രം. തൂവെള്ള നിറത്തില്‍ ഉള്ള അവളുടെ ടോപ്പില്‍ അവള്‍ ഇനിയും സുന്ദരി ആയതു പോലെ. ടോപ്പിനുള്ളില്‍ നിന്ന് അവളുടെ മാംസള ഭാഗം പുറത്തേക്കു അറിയുന്നുണ്ടോ. അവളുടെ കൂടെ ഉള്ള ആണ്‍കുട്ടികള്‍ അത് ശ്രദ്ധിക്കുന്നുണ്ടോ. ആകെ ഒരു തിക്കു മുട്ടല്‍… അവന്‍ ഒന്ന് സ്വരം ഉയര്‍ത്തി തന്നെ ചോദിച്ചു. അല്ല..അലറി…

നിന്റെ പര്‍ദ്ദ എവിടെ… ??