ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ക്ഡൗണിൽ ആയിട്ട് മൂന്നാഴ്ചകൾ പിന്നിടുന്നു. മരണസംഖ്യ പതിനായിരം കടന്നതോടെ യുകെ കനത്ത ജാഗ്രതയിലാണ്. അതുകൊണ്ട് തന്നെ ലോക്ക്ഡൗണിൽ നാലാം ആഴ്ചയിലേക്കാണ് രാജ്യം കടക്കുന്നത്. സാമൂഹിക അകലം പാലിക്കുന്ന നടപടികളിൽ മാറ്റം വരുത്താൻ കഴിയുമോയെന്ന് വ്യാഴാഴ്ചയോടെ സർക്കാർ അവലോകനം നടത്താനിരിക്കുന്നു. ഈസ്റ്റർ അവധിക്കാല വാരാന്ത്യത്തിൽ വീട്ടിൽ താമസിക്കാൻ മന്ത്രിമാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൊറോണ വൈറസിനെ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ കുറച്ച് ആഴ്ചകൾ കൂടി തുടരുമെന്ന് വെയിൽസ് ആരോഗ്യമന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഈസ്റ്റർ വാരാന്ത്യത്തിനുശേഷം നടപടികൾ പിൻവലിക്കാനുള്ള സാധ്യത ഇല്ലെന്ന് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ മുന്നറിയിപ്പ് നൽകി. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സംരക്ഷണ ഗൗണുകൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ എൻ‌എച്ച്എസ് സ്റ്റാഫുകൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്ന് ഹോസ്പിറ്റൽ ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസ് പ്രൊവൈഡേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്‌സൺ പറഞ്ഞു.

ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള നിമിഷമല്ലെങ്കിലും നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുക തുടങ്ങിയ നടപടികൾ ഇനി സർക്കാർ കൈക്കൊള്ളണമെന്ന് ലേബർ ഷാഡോ കാബിനറ്റ് മന്ത്രി റാഫേൽ റീവ്സ് അഭിപ്രായപ്പെട്ടു. ലോക്ക്ഡൗൺ നടപടികൾ വരുത്തിവെച്ച സാമ്പത്തിക തകർച്ചയും മന്ത്രിമാർ പരിഗണിക്കേണ്ടതുണ്ട് . നിലവിലെ നിയന്ത്രണങ്ങൾ കാരണം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ 25% നഷ്ടപ്പെടുമെന്ന് ഇക്കാലയളവിൽ നഷ്ടപ്പെടുമെന്ന് സൂചനയുണ്ട്. അതേസമയം ഈ പ്രതിസന്ധി ഘട്ടത്തിൽ ആശുപത്രികളിൽ ബോഡി ബാഗുകൾ തീർന്നുപോയതിനാൽ മൃതദേഹങ്ങൾ ബെഡ്ഷീറ്റുകളിൽ പൊതിഞ്ഞ് കിടത്തുന്ന അവസ്ഥ വരെയെത്തി. തങ്ങളുടെ പക്കലില്ലെന്ന് മോർച്ചറി വിതരണക്കാർ മുന്നറിയിപ്പ് നൽകിയതിനാൽ ബോഡി ബാഗുകൾ തീർന്നുപോകാൻ സാധ്യതയുണ്ട്. അതിനാലാണ് മരിച്ച കൊറോണ വൈറസ് ബാധിതരെ ബെഡ് ഷീറ്റുകളിൽ പൊതിയാൻ ആരോഗ്യ പ്രവർത്തകർ നിർബന്ധിതരായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ബക്കിങ്ങാംഷറിലുള്ള ഔദ്യോഗിക ഗ്രാമീണ വസതിയായ ചെക്കേഴ്സിൽ ഏതാനും ദിവസം വിശ്രമിച്ചതിനു ശേഷമായിരിക്കും ചുമതലകളിലേക്കു തിരിച്ചെത്തുക. വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനാണു താൽകാലിക ചുമതല. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിൽ, തന്നെ പരിചരിച്ച എൻ‌എച്ച്എസ് ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ചുമതലകളിൽ തിരിച്ചെത്തുന്നതിന് ജോൺസൺ എത്ര സമയമെടുക്കും എന്ന് ചോദിച്ചതിന്, അതൊക്കെ ഡോക്ടർമാർ തീരുമാനിച്ചുകൊള്ളും എന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞത്. ഏറ്റവും നിർണായക സമയത്ത് 48 മണിക്കൂറോളം തന്റെ അടുത്തുനിന്നു പരിചരിച്ചതിന് ന്യൂസിലാന്റിൽ നിന്നുള്ള ജെന്നി മക്ഗീ, പോർച്ചുഗലിൽ നിന്നുള്ള ലൂയിസ് പിത്താർമ എന്നീ നഴ്‌സുമാരെ പ്രധാനമന്ത്രി പ്രശംസിച്ചു. മകളെ ഓർത്ത് തങ്ങൾ അഭിമാനിക്കുന്നുവെന്ന് മക്ഗിയുടെ മാതാപിതാക്കൾ ടെലിവിഷൻ ന്യൂസിലൻഡിനോട് പറഞ്ഞു.