ദുബായ്∙കോവിഡ് ജോലികൾക്കിടയിൽ ഇങ്ങനെയൊരു വിവിഐപി കുത്തിവയ്പ് നൽകേണ്ടി വരുമെന്ന് ശോശാമ്മ കുര്യാക്കോസ് (വൽസമ്മ) ഒരിക്കലും വിചാരിച്ചില്ല. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കോവിഡ് വാക്സീൻ കുത്തിവയ്പ് നൽകിയ ശോശാമ്മ സമൂഹമാധ്യമങ്ങളിലും താരമായി.

ഷെയ്ഖ് മുഹമ്മദിന്റെ കൊട്ടാര മജ് ലിസിൽ അദ്ദേഹത്തിന് വാക്സീൻ നൽകിയപ്പോൾ കുശലാന്വേഷണം നടത്തിയതും ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചതും മറക്കാനാവില്ലെന്നും ശോശാമ്മ പറഞ്ഞു. കുമളി ആനവിലാസം പോത്താനിക്കൽ ശോശാമ്മയാണ് ദുബായിൽ വാക്സീൻ ഉദ്ഘാടനം ചെയ്തത്. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷനിൽ സ്റ്റാഫ് നഴ്സായ ശോശാമ്മ ആരോഗ്യമന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസിന് സെപ്റ്റംബർ പകുതിയോടെ ആദ്യ കുത്തിവയ്പെടുത്തു. തുടർന്നു പല മന്ത്രിമാർക്കും വാക്സീൻ നൽകാനുള്ള അവസരം ലഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒടുവിൽ കഴിഞ്ഞദിവസം ദുബായ് ഭരണാധികാരിക്ക് വാക്സീൻ നൽകാനുള്ള അവസരവും ലഭിച്ചു. 1992ൽ ദുബായിലെത്തിയ ശോശാമ്മയ്ക്ക് ഏഴുവർഷം കഴിഞ്ഞപ്പോൾ ആരോഗ്യവകുപ്പിൽ ജോലി ലഭിക്കുകയായിരുന്നു. ഭർത്താവ് കോട്ടയം മീനേടം വൈദ്യം പറമ്പിൽ കുറിയാക്കോസ്(സാബു) ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ്. ഏക മകൻ ജുബിനും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.