എഡ്ജ്ബാറ്റ്‌സന്‍: നഥാന്‍ ലിയോണിന്റെ സ്പിന്‍ മാന്ത്രികതയ്ക്ക് മുന്നില്‍ കറങ്ങി വീണ് ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്‌സില്‍ 146 റണ്‍സിന് പുറത്തായതോടെ ഇംഗ്ലണ്ടിന് 251 റണ്‍സിന്റെ പരാജയം. ഇതോടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0 ന് മുന്നിലെത്തി.
ആഷസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പിന്തുടര്‍ന്ന് നേടുന്ന വിജയം മുന്നില്‍ കണ്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ റോറി ബേണ്‍സിനെ തുടക്കത്തില്‍ തന്നെ നഷ്ടമായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 11 റണ്‍സാണ് ബേണ്‍സ് എടുത്തത്. 398 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം.
ബേണ്‍സ് പുറത്തായെങ്കിലും ജെയ്‌സന്‍ റോയി നിലയുറപ്പിച്ചത് ഇംഗ്ലണ്ടിന് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ 28 റണ്‍സെടുത്തു നില്‍ക്കെ റോയി പുറത്തായി. തൊട്ടു പിന്നാലെ ജോ ഡെന്‍ലിയും നായകന്‍ ജോ റൂട്ടും പുറത്തായി. റൂട്ട് 28 റണ്‍സാണെടുത്തത്. ലഞ്ചിന് മുമ്പേ ഇംഗ്ലണ്ടിന് പ്രധാന വിക്കറ്റുകള്‍ നഷ്ടമായി.
മടങ്ങി വന്നപ്പോഴും ഇംഗ്ലണ്ടിന് തിരിച്ചു വരാനായില്ല. മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. വാലറ്റത്തെ ലിയോണ്‍ കറക്കി വീഴ്ത്തി. 45 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് ലിയോണ്‍ നേടിയത്. 18 വര്‍ഷത്തിന് ശേഷം എഡ്ജ്ബാസ്റ്റണില്‍ ഓസ്‌ട്രേലിയ ജയിക്കുന്നത്. ഇന്നത്തെ മത്സരത്തിലൂടെ ലിയോണ്‍ 350 ടെസ്റ്റ് വിക്കറ്റെന്ന നേട്ടവും മറി കടന്നു.
ക്രിസ് വോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. 37 റണ്‍സാണ് വോക്‌സ് നേടിയത്. 2005 ന് ശേഷം ഇതാദ്യമായാണ് ആഷസ് പരമ്പരയിലെ ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിക്കുന്നത്. രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ സ്മിത്ത് 142 റണ്‍സും മാത്യു വെയ്ഡ് 110 റണ്‍സും നേടി.
വാര്‍ണര്‍ക്കും സ്മിത്തിനുമെതിരെ ലോകകപ്പിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലും കാണികള്‍ അധിക്ഷേപ വാക്കുകള്‍ വിളിച്ചും കൂവി വിളിച്ചും തങ്ങളുടെ അരിശം തീര്‍ക്കുകയാണ്. ആഷസ് കാണാനായി ഇംഗ്ലണ്ട് ആരാധകര്‍ എത്തിയത് കൈയ്യിലൊരു സാന്‍ഡ് പേപ്പറുമായാണ്. കളിക്കിടെ അതുയര്‍ത്തിപ്പിടിച്ചാണ് കൂവല്‍.
ഇന്നലെ തന്റെ തിരിച്ചു വരവില്‍ സെഞ്ചുറി നേടിയിട്ടും സ്മിത്തിനോടുള്ള വെറുപ്പ് മറക്കാന്‍ ഇംഗ്ലണ്ടുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ന് പുറത്തിറങ്ങിയ ചില ഇംഗ്ലീഷ് പത്രങ്ങളിലെ വാര്‍ത്ത. സോഷ്യല്‍ മീഡിയയും ആദ്യം കൂവി വിളിച്ച ആരാധകരില്‍ മിക്കവരും സ്മിത്തിന് കൈയ്യടിക്കുമ്പോള്‍ താരത്തെ വീണ്ടും അപമാനിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.
ദ ഡെയ്‌ലി സ്റ്റാര്‍, മെട്രോ, ഡെയല് എക്‌സ്പ്രസ് എന്നീ പത്രങ്ങള്‍ സ്മിത്തിനെ അഭിനന്ദിച്ചെങ്കിലും ദ സണ്‍ പോലുള്ളവ താരത്തെ സാന്‍ഡ് പേപ്പര്‍ വിവാദത്തെ ഓർമിപ്പിച്ചാണ് വിമര്‍ശിച്ചത്. ദ സണ്‍ സ്മിത്തിനെ ആജീവനാന്തം വിലക്കണമെന്നാണ് തലക്കെട്ട് നല്‍കിയത്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തന്റെ 24-ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും മറി കടന്നിരുന്നു. ടെസ്റ്റില്‍ അതിവേഗം 24 സെഞ്ചുറി നേടുന്ന താരമായാണ് സ്മിത്ത് മാറിയത്. 118 ഇന്നിങ്‌സുകളില്‍ നിന്നുമാണ് സ്മിത്ത് 24 സെഞ്ചുറി നേടിയത്. കോഹ്‌ലി 123 ഇന്നിങ്‌സുകളെടുത്തു.
അതേസമയം, ഈ റെക്കോര്‍ഡ് ഇപ്പോഴും ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ പേരിലാണ്. വെറും 66 ഇന്നിങ്‌സുകള്‍ മാത്രം കളിച്ചാണ് ബ്രാഡ്മാന്‍ 24 സെഞ്ചുറികള്‍ നേടിയത്. സച്ചിന്‍ തന്റെ 125-ാം ടെസ്റ്റിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ടീം പതറുമ്പോള്‍ രക്ഷകനായി മാറുന്ന ശീലം ആവര്‍ത്തിച്ച സ്മിത്ത് ഇന്നലെ 144 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയയെ 122-8 എന്ന നിലയില്‍ നിന്നും 284 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത് സ്മിത്തിന്റെ ചെറുത്തു നിൽപാണ്. ട്രാവിസ് ഹെഡ്ഡുമൊത്ത് 64 റണ്‍സും പെറ്റര്‍ സിഡിലുമൊത്ത് 88 റണ്‍സുമാണ് സ്മിത്ത് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ നഥാന്‍ ലിയോണുമൊത്ത് 74 റണ്‍സും കൂട്ടിച്ചേര്‍ത്തു. സ്റ്റുവര്‍ട്ട് ബ്രോഡാണ് സ്മിത്തിനെ പുറത്താക്കിയത്.
Leave a Reply