കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്താനായി കുടുംബ സമേതം എത്തിയ യുവതിക്ക് പൊലിസ് സംരക്ഷണം നല്‍കിയില്ലെന്ന് പരാതി. വടകര സ്വദേശി ശ്രേയസ് കണാരനും കുടുംബത്തിനുമാണ് ശബരിമലയിലേയ്ക്ക് പോകാന്‍ പൊലീസ് സുരക്ഷ നല്‍കാതിരുന്നത്.

ഐ.ജി. മനോജ് എബ്രഹാമിനോട് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറയുന്നു. പൊലീസ് സംരക്ഷണം കിട്ടാതെ മടങ്ങേണ്ടി വന്നെങ്കിലും മണ്ഡലകാലത്ത് കൂടുതല്‍ പേരെ സംഘടിപ്പിച്ച് വീണ്ടും മലകയറാനെത്തുമെന്നും യുവതിയും കുടുംബവും അറിയിച്ചു. പൊലിസ് സുരക്ഷയൊരുക്കും എന്ന് പറയുന്നത് വെറും നാടകമാണെന്നും സുരക്ഷ ആവശ്യപ്പെട്ട് ഐ.ജി. മനോജ് എബ്രഹാമിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നും യുവതി ആരോപിക്കുന്നു. ഐ.ജി ഫോണ്‍ എടുത്തില്ലെന്ന് മാത്രമല്ല വാട്‌സാപ്പില്‍ അയച്ച സന്ദേശം വായിച്ചിട്ട് മറുപടി തന്നില്ലെന്നും യുവതി പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ശബരിമലയില്‍ കൊച്ചുമകന്റെ ചോറൂണ്‍ ചടങ്ങിന് എത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ പിടികൂടി. ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൂരജിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തൃശൂര്‍ സ്വദേശി ലളിതയും കുടുംബവും ശബരിമലയില്‍ എത്തിയപ്പോഴായിരുന്നു സൂരജടക്കമുള്ള സംഘം ചേര്‍ന്ന് ഇവരെ ആക്രമിച്ചത്. സംഭവത്തില്‍ സൂരജാണ് പ്രധാനപ്രതി. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതാവ് കൂടിയാണ് അറസ്റ്റിലായ സൂരജ്. സംഭവവുമായി ബന്ധപ്പെട്ട് 200 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മറ്റ് നാലു പേര്‍ കൂടി പിടിയിലായതായാണ് സൂചന. ലളിതാ രവിയെ സന്നിധാനത്ത് സംഘപരിവാര്‍ നേതൃത്വത്തിലെത്തിയ അക്രമികള്‍ തടഞ്ഞത് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അടിച്ചു കൊല്ലെടാ അവളെ, എന്ന് ആക്രോശിച്ചായിരുന്നു സന്നിധാനത്ത് 52കാരിയായ സ്ത്രീയ്ക്കെതിരെ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള തീവ്രഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള ആളുകള്‍ അക്രമം അഴിച്ചു വിട്ടത്.