കഴിഞ്ഞ പത്തുവർഷമായുള്ള പ്രണയമാണ്. രണ്ടു മതവിഭാഗങ്ങളിൽപ്പെട്ടവരാണ് ഞങ്ങൾ. പക്ഷേ, അറിഞ്ഞപ്പോൾ രണ്ടു വീട്ടുകാരും അനുകൂലിച്ചതേയുള്ളൂ. ചൂരൽമലയിൽവെച്ച് കഴിഞ്ഞമാസമായിരുന്നു നിശ്ചയം. ഞങ്ങളൊരുപാട് സന്തോഷിച്ചിരുന്നതൊന്നും ഇപ്പോഴില്ല. അപ്പോഴേക്കും ശ്രുതി അടുത്തെത്തി. നമുക്കിനിയൊന്നും സംസാരിക്കണ്ട, അവൾക്കു താങ്ങില്ലെന്ന് ജെൻസൺ പറയാതെ പറഞ്ഞു. സ്നേഹത്തോടെ ശ്രുതിയെ ചേർത്തുപിടിച്ച് അവൻ നടന്നുനീങ്ങി…’, ഓഗസ്റ്റ് ഏഴാംതീയതി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ അവസാന വാചകങ്ങൾ…

ജീവിതത്തിൽ പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നപ്പോഴും പ്രതീക്ഷകൾ നൽകിയവൻ… ഇനി ജീവിതത്തിൽ എല്ലായ്പോഴും ഒപ്പം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നയാൾ.. ഇനിയവൻ ശ്രുതിക്കൊപ്പമില്ല. ജൻസൺ മടങ്ങി, അവൾ വീണ്ടും തനിച്ചായി. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയായിരുന്നു മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ അന്ന് ശ്രുതിക്ക് നഷ്ടമായതെങ്കിൽ സ്വന്തമെന്നു പറയാൻ ബാക്കി ഉണ്ടായിരുന്നവന്റെ ജീവനും ഇന്ന് മറ്റൊരു അപകടം കവർന്നു.

ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛൻ ശിവണ്ണനും അമ്മ സബിതയും അനിയത്തി ശ്രേയയും അടക്കമുള്ള പ്രിയപ്പെട്ടവരെ ആ പാതിരാവിൽ കുതിച്ചെത്തിയ ഉരുൾകൊണ്ടുപോയി. കുടുംബത്തിലെ ഒമ്പത് പേരെയാണ് അന്ന് ശ്രുതിക്ക് അന്ന് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായതിനാൽ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു.

ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. എന്നാൽ, ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുൾ ശ്രുതിയുടെ ജീവിതത്തിൽ ദുരന്തം വിതച്ചത്. പിന്നീട് പ്രതിശ്രുതവരൻ ജെൻസണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസന് ​ഗുരുതരമായി പരിക്കേറ്റത്. ​അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് അതീവ ​ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജെൻസൻ ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനുസമീപമായിരുന്നു ജെൻസെനെ മരണത്തിലേക്ക് നയിച്ച അപകടം. ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ജെൻസനായിരുന്നു വാൻ ഓടിച്ചിരുന്നത്. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെൻസനും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ‘ബട്ടർഫ്ലൈ’ എന്ന ബസുമാണ്‌ കൂട്ടിയിടിച്ചത്.

ശ്രുതിയുടെ ബന്ധു ലാവണ്യക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരനേയും ലാവണ്യക്ക് നഷ്ടമായിരുന്നു. ശ്രുതിയുടെ പിതാവ് ശിവണ്ണയുടെ സഹോദരൻ സിദ്ദരാജിന്റെയും ദിവ്യയുടെയും മകളാണ് ലാവണ്യ. പഠനത്തിനായി നവോദയ സ്കൂളിലുമായതിനാലാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.