ഷുഹൈബ് വധക്കേസില്‍ സിബിഐ.അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ ആരോഗ്യ നില മോശമായി. ഇതോടെ സുധാകരനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കലക്ടര്‍ക്ക് നല്‍കിയതോടെയാണ് അറസ്റ്റിനെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ സുധാകരനെ അറസ്റ്റ് ചെയ്താല്‍ സംഘര്‍ഷമുണ്ടാകുമെന്ന ആശങ്കയും ജില്ലാ ഭരണകൂടത്തിനുണ്ട്. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി സുധാകരന്‍ ആരോപിച്ചു. കൂടാതെ കോണ്‍ഗ്രസ് നേതാക്കളുടെയും മാധ്യമങ്ങളുടെയും ഫോണുകള്‍ ചോര്‍ത്തുന്നുണ്ട്. ഇത് അന്തസ്സുള്ള പണിയല്ല. ഫോണ്‍ ചോര്‍ത്തല്‍ നീചമായ മനസുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണ്.
സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വിലങ്ങിടാനുള്ള നീക്കമാണ് നടത്തുന്നതെന്നും സുധാകരന്‍ ആരോപിച്ചു. ഉപവാസ സമരം ആറാം ദിവസത്തേക്ക് കടന്നതോടെ സുധാകരന്റെ ആരോഗ്യ നില മോശമായിട്ടുണ്ട്. സോഡിയം കുറയുകയും രക്ത സമ്മര്‍ദ്ദം കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ഏത് സമയവും പോലീസെത്തി സുധാകരനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്നാണറിയുന്നത്. ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും കെ.സുധാകരനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സമരത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.
എന്നാൽ തങ്ങളുടെ സഹോദരനുവേണ്ടി സഹനസമര പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന കെ.സുധാകരനെ കാണാൻ ശുഹൈബിന്റെ സഹോദരിമാരായ ഷമീമയും, ഷർമിലയും, സുമയ്യയും എത്തി . സങ്കടം ഉള്ളിൽ ഒതുക്കാൻ ശ്ര മിച്ചെങ്കിലും അവരുടെ വേദന കണ്ണീരിന്റെ രൂപത്തിൽ അണപൊട്ടി ഒഴുകി.പിന്നാലെ സദസ്സിൽ നിന്ന് ‘ഇല്ല ഷുഹൈബ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’.. എന്ന് നൂറ് കണക്കിന് കണ്ഠനാളങ്ങിൽ നിന്നു മുദ്രാവാക്യങ്ങൾ ഉയർന്നു.
കൂടപ്പിറപ്പിന്റെ കൊലയാളികളെ നിയമത്തിന് മുൻപിലെത്തിക്കാനുള്ള പോരാട്ടത്തിന് ഐക്യദാർഢ്യവുമായി ഞങ്ങളുടെ കുടുംബവും ഒപ്പമുണ്ടെന്ന് അവർ പറഞ്ഞു. യഥാർത്ഥ പ്രതികളെ പിടിക്കാൻ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. സമരപ്പന്തലിൽ സത്യാഗ്രഹ സമരത്തിന്റെ ചുക്കാൻ പിടിക്കുന്ന ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയോടും സഹപ്രവർത്തകരോടും യാത്ര പറയുമ്പോഴും കണ്ണുനീർ പൊഴിച്ച് കൊണ്ടാണ് ആ സഹോദരിമാർ സത്യാഗ്രഹ സമരപന്തലിൽ നിന്നും മടങ്ങിയത്.
അതേസമയം ഷുഹൈബിന്റെ മാതാപിതാക്കളും കോണ്‍ഗ്രസും സര്‍ക്കാര്‍ മുമ്പാകെ ആവശ്യപ്പെട്ട സിബി.ഐ. ആന്വേഷണമെന്ന ആവശ്യത്തില്‍ തീരുമാനം നീളുകയാണ്. രണ്ടു ദിവസം കൂടി ഞങ്ങള്‍ കാത്തിരിക്കും. എന്നിട്ടും സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ നിയമ നടപടികളും ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് പാച്ചേനി പറഞ്ഞു. അറസ്റ്റിലായ എം വി ആകാശും രജിന്‍രാജും പോലീസിന് നല്‍കിയ മൊഴി പ്രകാരം മറ്റുള്ള പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അക്രമത്തില്‍ സി പി എം ലോക്കല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശവുമുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളതായി സൂചനയുണ്ട്. യഥാര്‍ത്ഥ പ്രതികള്‍ ഇനിയും ഉണ്ടെന്നിരിക്കെ അവര്‍ രക്ഷപ്പെടുകയോ രക്ഷപ്പെടാനുള്ള സാഹചര്യം നിലനില്‍ക്കുകയോ ചെയ്യുന്നുണ്ട്. അതിനാലാണ് അന്വേഷണം സിബിഐ.യെക്കൊണ്ട് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്ന് പാച്ചേനി പറഞ്ഞു.
ഷുഹൈബ് കൊലക്കേസിലെ ഗൂഢാലോചനക്കാരെയും ബോംബെറിഞ്ഞവരെയും അവരുപയോഗിച്ച വാഹനവും ആയുധങ്ങളും സംബന്ധിച്ച ഒരു വിവരവും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ പിന്നീടൊരു നീക്കവും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടക്കുന്ന ഉപവാസ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡി.സി.സി. പ്രിസഡന്റ് പറഞ്ഞു.
Leave a Reply