കൊച്ചി: അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ സിബിഐ അന്വേഷണത്തിന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഷുക്കൂറിന്റെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ അന്വേഷണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചത്.
ഷുക്കൂറിന്റെ മാതാവിന്റെ കണ്ണീര്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജന്‍, ടിവി രാജേഷ് എന്നിവരെ രക്ഷിക്കാന്‍ അന്വേഷണസംഘം ശ്രമിച്ചതായി സംശയമുണ്ടെന്നും കോടതി പറഞ്ഞു. സ്വയം പ്രഖ്യാപിത രാജാക്കന്‍മാരെ രാജ്യം ഭരിക്കാന്‍ അനുവദിക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തിന് അത് നാണക്കേടുണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസില്‍ സിബിഐയുടെ തുടരന്വേഷണം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച സിബിഐ സംസ്ഥാന പൊലീസ് തുടരന്വേഷണം നടത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് സിബിഐ നടത്തേണ്ടത്.
അതേസമയം കേസില്‍ സിപിഐഎം അപ്പീല്‍ പോകുമെന്ന് എംവി ജയരാജന്‍ പ്രതികരിച്ചു. വിചാരണക്കോടതിയില്‍ കേസ് തുടരുമ്പോള്‍ സിബിഐക്ക് വിട്ടത് അസാധാരണ നടപടിയാണ്. ഷുക്കൂര്‍ കേസ് കെട്ടിച്ചമച്ചതെന്നും എംവി ജയരാജന്‍ പറഞ്ഞു.
അല്ലാഹുവിന് സ്തുതിയെന്ന് ഷുക്കൂറിന്റെ മാതാവ് പിസി ആത്തിക്ക പ്രതികരിച്ചു. സിബിഐ അന്വേഷണത്തിലൂടെ നീതികിട്ടുമെന്ന് തനിക്ക് പ്രതീക്ഷയുണ്ട്. പൊലീസും സിപിഐഎമ്മും ചേര്‍ന്ന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു . അന്നുമുതല്‍ ഇന്ന് വരെ താന്‍ താന്‍ ഉറങ്ങിയിട്ടില്ലെന്നും ഷുക്കൂറിന്റെ മാതാവ് പറഞ്ഞു.
2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയില്‍ ഈ കേസ് വലിയതോതില്‍ പൊതുജനശ്രദ്ധ നേടിയിരുന്നു.