ലണ്ടൻ: “ആരോഗ്യപ്രവർത്തകർ തന്നെയാണ് നമ്മുടെ ഹീറോകൾ” കോവിഡ് കാലത്ത് കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യുകെ മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ച കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആരോഗ്യപ്രവർത്തകരെ നമ്മുടെ ഹീറോകളെന്ന് വിശേഷിപ്പിച്ചത്. ജൂൺ 27 ശനിയാഴ്ച്ച യുകെയിലെ പ്രമുഖ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ ഫേസ്‌ബുക്ക് ലൈവിലാണ് ടീച്ചർ യുകെ മലയാളികളെ അഭിമുഖീകരിച്ചത്.
ചേതന യുകെ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച ശൈലജ ടീച്ചർ കോവിഡ് കാലത്ത് യുകെയിലും നാട്ടിലും യുകെ മലയാളികൾ നടത്തുന്ന കരുതലിനും സ്നേഹത്തിനും നന്ദി പ്രകാശിപ്പിച്ചു. ഒപ്പം യുകെയിലെ മുഴുവൻ ആളുകളും ആരോഗ്യ സുരക്ഷാ മാനദണ്ഠങ്ങൾ പാലിച്ച് സുരക്ഷിതരായിരിക്കണമെന്നും അഭ്യർത്ഥിച്ചു. കേരളത്തിൽ ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലൈവിൽ വിവരിച്ച ടീച്ചർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തുന്ന പ്രവാസികൾക്ക് നൽകുന്ന പിന്തുണയും വിവരിച്ചു.
കോവിഡ് ചൈനയിലെ വുഹാനില്‍ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളവും ശക്തമായ മുന്നൊരുക്കം നടത്തി. മുഴുവന്‍ നിരീക്ഷണ ശൃംഖലയും സജീവമാക്കി സ്‌ക്രീനിങ്, രോഗനിര്‍ണയം, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും എസ്ഒപികളും രാജ്യാന്തര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കി. ഒന്നാം ഘട്ടത്തില്‍ മൂന്നു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കാനായി. വ്യാപനവും മരണനിരക്കും പൂജ്യമായിരുന്നു. രണ്ടാം ഘട്ടത്തിലും ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. അണുബാധയുടെ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുക, സമൂഹത്തില്‍ വൈറസിന്റെ അളവ് കുറയ്ക്കുക, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കായി റിവേഴ്സ് ക്വാറന്റൈന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കി. വൈറസിന്റെ കണ്ണി പൊട്ടിക്കാനായി കേരളം നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ വൈറസിനെ ഫലപ്രദമായി തടയാനും സമ്പര്‍ക്ക വ്യാപനവും മരണനിരക്ക് 0.6 ശതമാനവും ആക്കാന്‍ സാധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
ഏറെ തിരക്കുകൾ മാറ്റിവച്ച് യുകെ മലയാളികൾക്കൊപ്പം ഫേസ്‌ബുക്ക് ലൈവിലെത്തിയ ടീച്ചർക്ക് ചേതന യുകെയ്ക്ക് വേണ്ടി സെക്രട്ടറി ലിയോസ് പോൾ നന്ദി പറഞ്ഞു.
നേരത്തെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ബ്രിട്ടന്റെ ദേശീയ മാദ്ധ്യമങ്ങളായ ബിബിസി ന്യൂസും ഗാർഡിയനും രംഗത്തെത്തിയിരുന്നു.
https://www.facebook.com/chethanauklive/videos/599453157669405/?epa=SEARCH_BOX
Leave a Reply