കൊല്ലം: സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ മലയാളി സൈനികന്‍ സുരക്ഷിതനെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസമുണ്ടായ മഞ്ഞിടിച്ചിലില്‍ പത്തു സൈനികരാണ് അകപ്പെട്ടത്. 600 മീറ്റര്‍ ഉയരവും ഒരു കിലോമീറ്ററോളം വീതിയുമുള്ള മഞ്ഞുമലയാണ് ഇടിഞ്ഞുവീണത്. കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇവരെല്ലാവരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയായ സുധീഷ് ആയിരുന്നു ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാളി സൈനികന്‍. അഭ്യൂഹം പരന്നതോടെ സുധീഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നാട്ടില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു.
സുധീഷിനോടൊപ്പം ജോലിചെയ്തിരുന്ന കായംകുളം സ്വദേശി അജയന്‍ അവധിക്ക് എത്തിയതോടെയാണ് സുധീഷ് സുരക്ഷിതനാണെന്ന സംശയം ഉയര്‍ന്നത്. അജയന്‍ സുധീഷിന്റെ വീട് സന്ദര്‍ശിച്ചശേഷം ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. റഷ്യന്‍ നിര്‍മ്മിത റഡാര്‍ ഉപയോഗിച്ച് മഞ്ഞുമലയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്നറിയാനുള്ള പ്രത്യേക സ്‌കാനിംഗ് നടത്തിയപ്പോള്‍ സിഗ്‌നല്‍ അനുകൂലമായിരുന്നുവെന്ന സൂചന ലഭിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം.
ജീവന്റെ കണികപോലും ഇല്ലെങ്കില്‍ ചുവന്ന സിഗ്‌നലും ജീവന്‍ ഉണ്ടെങ്കില്‍ പച്ച സിഗ്‌നലും തെളിയുന്ന റഡാറില്‍ പച്ച സിഗ്‌നലാണ് സ്‌കാനിംഗില്‍ തെളിഞ്ഞതെന്ന് സൂചിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ബി. ബി.സിയിലും പരാമര്‍ശം വന്നതോടെയാണ് അജയന്‍ ഇവരുടെ കമാന്‍ഡന്റിനോട് വിവരങ്ങള്‍ ചോദിച്ചത്്. ഇരുന്നൂറോളം സിവിലിയന്‍മാരും പത്തിലേറെ സൈനികരുമടങ്ങുന്ന സംഘം സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതായാണ് വിവരം.