ന്യൂസ് ഡെസ്ക് മലയാളം യുകെ

ആധുനിക ജീവിതത്തിൽ ഒട്ടും ഒഴിവാക്കാനാവാത്ത ഘടകമാണ് ഇൻറർനെറ്റ്. അതിനാൽ തന്നെ ഇൻറർനെറ്റ് സേവന ദാതാക്കൾ ഉപഭോക്താവ് നൽകുന്ന തുകയ്ക്ക് തുല്യമായ മികച്ച സേവനം നൽകുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ മുൻനിരയിലുള്ള കമ്പനികൾ പോലും ഉപഭോക്താവിനെ എങ്ങനെ പിഴിയാം എന്നതിലാണ് ശ്രദ്ധ. എന്നാൽ ഇതിനൊരു പരിഹാരം കാണാനാണ് ബ്രോഡ്ബാൻഡ് സേവനദാതാക്കളുടെ റെഗുലേറ്ററി ബോഡിയായ ഓഫ് കോമിൻെറ ശ്രമം.

ഉപഭോക്താവിന് തൻറെ ബ്രോഡ്ബാൻഡ് സേവനദാതാവിനെ മാറ്റാനുള്ള പ്രക്രിയ വളരെ ലളിതമാക്കി മത്സരക്ഷമത വളർത്തിയാണ് ബ്രോഡ്ബാൻഡ് സേവനം മികച്ചതും ചിലവുകുറഞ്ഞതുമാക്കാൻ ഓഫ്കോമ് ശ്രമിക്കുന്നത്. മുൻപ് ഉപഭോക്താക്കൾക്ക് തൻെറ മൊബൈൽ ഫോൺ സേവനം നൽകുന്ന കമ്പനിയിൽ നിന്ന് മാറി മറ്റൊരു കമ്പനിയെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ ലളിതമാക്കിയ നീക്കം വിജയം കണ്ടിരുന്നു. യുകെയിലെ 40 ശതമാനം വരുന്ന ബ്രോഡ്ബാൻഡ് ഉപഭോക്താക്കളും തങ്ങളുടെ സേവനദാതാവിനെ മാറ്റാത്തത് സ്വിച്ചിങ് എളുപ്പമല്ലാത്തതിനാലാണ്. ഇതൊരു അവസരമായി കണ്ട് പല മുൻനിര കമ്പനികളും കരാർ കാലാവധി കഴിയുമ്പോൾ ബ്രോഡ്ബാൻഡിൻെറ മാസവരി ഇരട്ടിയിലധികം ആക്കാറുണ്ടായിരുന്നു. എന്തായാലും ഓഫ് കോമിൻെറ പുതിയ നീക്കം പൊതുജനങ്ങൾക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം.