ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെമലയാളികളുടെ ബന്ധുക്കളായവരിൽ ഒട്ടേറെപ്പേരാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. അതിൽ പ്രമുഖനാണ് സിബി ജോസഫ് മൂലംകുന്നം
വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ കുട്ടനാടിന്റെ പൊതു രംഗത്ത് സജീവമായ സിബി ജോസഫ് മൂലംകുന്നത്തിന് പൊതുസേവനം എന്നത് എന്നും ആത്മസമർപ്പണത്തിന്റെ പാതയാണ്. 1967ൽ കുട്ടനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായതിനൊപ്പം ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറിയായും കർഷക കോൺഗ്രസ് ആലപ്പുഴ ജില്ല പ്രസിഡന്റായും സേവനമനുഷ്ഠിച്ച അദ്ദേഹം മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും സ്നേഹനിധിയായി മാറിയ പരേതനായ അഡ്വ. എം. സി. ജോസഫ് മൂലംകുന്നത്തിന്റെ പുത്രനായ സിബിയുടെ രാമങ്കരി പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നുമുള്ള കന്നിയങ്കം 2015–2020 ലായിരുന്നു. അന്ന് നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച സിബിക്ക് ഇത് രണ്ടാമത്തെ ഊഴമാണ്.

ഇക്കുറി രാമങ്കരി പഞ്ചായത്ത് രണ്ടാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും രാമങ്കരി മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചുവരുന്ന സിബി എസ്.ബി കോളേജിലെ തന്റെ ബിരുദപഠന കാലഘട്ടത്തിൽ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റായി തിളക്കമാർന്ന പ്രവർത്തനമാണ് കാഴ്ചവെച്ചത്. ശേഷം യൂത്ത് കോൺഗ്രസ് രാമങ്കരി മണ്ഡലം പ്രസിഡന്റ്, കുട്ടനാട് നിയോജകമണ്ഡലം ഭാരവാഹി, കോൺഗ്രസ് രാമങ്കരി മണ്ഡലം പ്രസിഡന്റ്, കുട്ടനാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഡി.സി.സി മെമ്പർ എന്നിങ്ങനെ വിവിധ പദവികൾ അലങ്കരിച്ചു.

3 പ്രാവശ്യം രാമങ്കരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായും (കൺവീനർ) പ്രവർത്തിച്ചിട്ടുണ്ട്.ഡി ബ്ലോക്ക് പുത്തനാറായിരം കായലിലെ നല്ലൊരു കർഷകൻ കൂടിയായ സിബി ജോസഫിനെ സംബന്ധിച്ചിടത്തോളം കുട്ടനാട്ടിലെ നെൽകർഷകർ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് പ്രധാനം. 2015–20 കാലഘട്ടത്തിൽ താൻ തുടങ്ങിവെച്ച നിരവധിവികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. എ.സി റോഡ് മണലാടി ജംഗ്ഷൻ മുതൽ ആറ്റുതീരം വരെയുള്ള റോഡ്, അവിടെ നിന്ന് മുക്കം റോഡ് എന്നിങ്ങനെ അടിയന്തിരമായി പൂർത്തീകരിക്കേണ്ട ജോലികൾ ഉണ്ട്. ഇതോടൊപ്പം രണ്ടാം വാർഡിലെ കുടിവെള്ള പ്രശ്നവും പരിഹരിക്കണം. വാർഡിൽ കൂടുതൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും തോടുകൾ മാലിന്യമുക്തമാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ജനങ്ങളുടെ മറ്റ് വികസനസ്വപ്നങ്ങൾക്ക് നിറച്ചാർത്ത് നൽകുകയും വേണം.

ഭാര്യ: ആൻസമ്മ ജോസഫ് (പുളിങ്കുന്ന് ഐ.ടി.ഐ പ്രിൻസിപ്പൽ). മക്കൾ: സാൻജോ (എഞ്ചിനീയർ, യു.എസ്.എ), അജോ, ജിജോ (വിദ്യാർത്ഥി, ഗവ. മോഡൽ എഞ്ചിനിയറിംഗ് കോളേജ്, തൃക്കാക്കര).

സിബി ജോസഫ് പ്രവാസി മലയാളികളുടെ പ്രിയ സഹോദരനാണ്. അദ്ദേഹത്തിന്റെ സഹോദരന്മാരായ ജോസഫ് ചാക്കോ ന്യൂയോർക്കിലും, ജിമ്മി ജോസഫ് മൂലംകുന്നം ബർമിംഗ്ഹാമിലും, റോയ് ജോസഫ് ലിവർപൂളിലും സ്ഥിരതാമസക്കാരാണ് . മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ആയ ജിമ്മി മൂലംകുന്നവും റോയി മൂലംകുന്നവും യുകെയിലെ കുട്ടനാട് സംഗമത്തിന്റെ കമ്മിറ്റി അംഗങ്ങളാണ്. വിദേശത്ത് പ്രവർത്തിക്കുന്ന സഹോദരങ്ങളുടെ ഈ സാമൂഹിക ഇടപെടലും പിന്തുണയും സിബിയുടെ പൊതു പ്രവർത്തനങ്ങൾക്ക് വലിയ ശക്തിയാണ് പകർന്ന് നൽകുന്നത് .











Leave a Reply