നട്ട് അലര്‍ജിയുള്ള സഹോദരങ്ങള്‍ക്ക് എമിറേറ്റ്‌സ് വിമാനത്തിലെ ജീവനക്കാരില്‍ നിന്ന് നേരിട്ടത് മോശം അനുഭവം. ഏഴര മണിക്കൂര്‍ നീണ്ട യാത്രയില്‍ ഇവര്‍ക്ക് തലയുള്‍പ്പെടെ മൂടിപ്പുതച്ച് വിമാനത്തിന്റെ പിന്‍ സീറ്റില്‍ കഴിച്ചുകൂട്ടേണ്ടി വന്നു. ബര്‍മിംഗ്ഹാമില്‍ നിന്ന് ദുബായിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ഷാനന്‍ സഹോത, സഹോദരന്‍ സന്ദീപ് എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്. വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ കശുവണ്ടിയുണ്ടായിരുന്നെന്ന് മനസിലായപ്പോള്‍ ഇവര്‍ ജീവനക്കാരെ വിവരമറിയിച്ചു. നിങ്ങള്‍ ടോയ്‌ലെറ്റിലേക്ക് മാറിയാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്നായിരുന്നു ഒരു ജീവനക്കാരന്‍ അറിയിച്ചതെന്ന് ഇവര്‍ പറയുന്നു. ഇത് നിരസിച്ചതോടെയാണ് പിന്‍സീറ്റില്‍ തലയിലൂടെ പുതപ്പിട്ട്, മൂക്ക് പൊത്തിയിരുന്ന് യാത്ര ചെയ്യേണ്ടി വന്നത്.

ടിക്കറ്റ് ബുക്ക് ചെയ്തപ്പോളും ചെക്ക് ഇന്‍ ചെയ്തപ്പോളും പിന്നീട് ബോര്‍ഡിംഗിനിടയിലും തങ്ങള്‍ക്ക് നട്ട് അലര്‍ജിയുള്ള കാര്യം എയര്‍ലൈന്‍ ജീവനക്കാരോട് പറഞ്ഞിരുന്നതാണെന്ന് സഹോത പറയുന്നു. മൂന്ന് തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഫ്‌ളൈറ്റില്‍ നല്‍കിയ ഡിന്നറിലെ ചിക്കന്‍ വിഭവത്തില്‍ കശുവണ്ടി അടങ്ങിയിട്ടുണ്ടെന്നത് തങ്ങളെ അതിശയിപ്പിച്ചു. ഇതോടെ കശുവണ്ടിയുടെ അംശം എയര്‍വെന്റിലൂടെ തങ്ങള്‍ ശ്വസിക്കാന്‍ സാധ്യതയുണ്ടെന്ന് ക്രൂവിനെ അറിയിച്ചു. അലര്‍ജി ഭീതിയില്‍ എപ്പിപെന്‍ ജാബുകള്‍ ഇവര്‍ കയ്യില്‍ കരുതാറുണ്ട്. അപ്പോളാണ് ഇവര്‍ ടോയ്‌ലെറ്റിലേക്ക് മാറുന്നത് ഉചിതമായിരിക്കുമെന്ന് ഒരു ജീവനക്കാരന്‍ പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടെ ഹോളിഡേയ്ക്കായി നടത്തിയ യാത്രതന്നെ ദുരിതം നിറഞ്ഞതായി മാറുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. കടുത്ത അലര്‍ജിയുള്ള തങ്ങള്‍ വിമാന ജീവനക്കാരുടെ അശ്രദ്ധമായ പെരുമാറ്റത്തിലൂടെ മരണപ്പെടാനുള്ള സാധ്യത പോലുമുണ്ടായിരുന്നു. എപ്പിപെന്നുകള്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ മാത്രമുള്ളതാണ്. അലര്‍ജിയുണ്ടായാല്‍ ആശുപത്രിയിലേക്ക് മാറ്റുകയെന്നത് മാത്രമാണ് മുന്നിലുള്ള വഴിയെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ എമിറേറ്റ്‌സിന് പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.