ലണ്ടന്‍: ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ എന്‍എച്ച്എസ് ആശുപത്രികളിലെ കുട്ടികളുടെ ചികിത്സാ വിഭാഗങ്ങള്‍ അടച്ചുപൂട്ടുന്നു. ഇത് പുതിയ തലമുറയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന നടപടിയാണെന്ന് പീഡിയാട്രീഷ്യന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു വര്‍ഷത്തിനിടെ ഡസന്‍ കണക്കിന് പീഡിയാട്രിക് യൂണിറ്റുകളും നൂറുകണക്കിന് ബെഡുകളുമാണ് ഇല്ലാതായത്. ചികിത്സ തേടിയെത്തുന്ന കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്ന രീതിയും പതിവായെന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് വ്യക്തമാക്കുന്നു.

സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും കോളേജ് പ്രസിഡന്റ് നീന മോഡി ആവശ്യപ്പെട്ടു. രണ്ടും മൂന്നും ഡോക്ടര്‍മാര്‍ ചെയ്യുന്ന ജോലി ഒരാള്‍ ചെയ്തുകൊണ്ടാണ് കുട്ടികളുടെ ഡോക്ടര്‍മാര്‍ ഈ കുറവ് നികത്തി വരുന്നത്. ഇത് രോഗികളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കും. യുകെയിലെ 195 എന്‍എച്ച്എസ് ട്രസ്റ്റുകളും ഹെല്‍ത്ത് ബോര്‍ഡുകളും പീഡിയാട്രിക് വാര്‍ഡുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയെന്നാണ് കോളേജിന്റെ കണക്കുകള്‍ പറയുന്നത്. രാജ്യത്തെ ആശുപത്രികളില്‍ 31 ശതമാനം വരും ഇത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്‍എച്ച്എസില്‍ മാത്രം 200 കുട്ടികള്‍ക്കായുള്ള സ്‌പെഷ്യലിസ്റ്റുകളുടെ കുറവുണ്ട്. ഇതില്‍ 133 കണ്‍സള്‍ട്ടന്റ് തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഡോക്ടര്‍മാരുടെ എണ്ണം കുറവായതിനാല്‍ ചില അവസരങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുന്നു. ഏറ്റവും അടിയന്തര പരിഗണന നല്‍കേണ്ടി വരുന്ന രോഗികളെ ആദ്യം ചികിത്സിക്കുന്നതു പോലുള്ള നടപടികളും എടുക്കേണ്ടി വരുന്നതായും ഡോ.മോഡി പറഞ്ഞു. ബ്രെക്‌സിറ്റാണ് ഈ പ്രശ്‌നം ഇത്ര രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.