ലണ്ടന്‍: ബ്രിട്ടനിലെ തൊഴിലവസരങ്ങളെ ബ്രെക്‌സിറ്റ് പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധര്‍. തൊഴിലവസരങ്ങള്‍ കുറയുകയും നിലവിലുള്ള ജോലികളുടെ ശമ്പളത്തില്‍ പോലും കുറവുണ്ടാകുകയും ചെയ്യുമെന്നാണ് പ്രവചനം. ഇവൈ ഐറ്റം ക്ലബ് എന്ന ഫോര്‍കാസ്റ്റിംഗ് ഗ്രൂപ്പാണ് ഈ പ്രവചനം നടത്തിയത്. 2018ഓടെ നിലവിലുള്ള 4.7 ശതമാനം തൊഴിലില്ലായ്മ 5.4 ശതമാനമായി ഉയരും. 2019ല്‍ ഇത് 5.8 ശതമാനമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് 1 ശതമാനം മാത്രം ശമ്പള വര്‍ദ്ധനവ് ജീവനക്കാര്‍ക്ക് നല്‍കിയാല്‍ മതിയെന്നാണ് യുകെയിലെ കമ്പനികള്‍ തീരുമാനിച്ചിട്ടുള്ളത്.

ഈ നിരക്ക് പണപ്പെരുപ്പ നിരക്കിനേക്കാള്‍ താഴെയാണ്. വരും മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് 2.3 ശതമാനമായി ഉയരുമെന്നാണ് നിഗമനം. മൂന്നര വര്‍ഷത്തിനിടെ ശമ്പള വര്‍ദ്ധനവ് അതിന്റെ ഏറ്റവും താഴ്ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിര്‍മാണ മേഖലയില്‍ ജോലികള്‍ കുറയുന്നില്ലെന്നും റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അടിസ്ഥാന ശമ്പളത്തില്‍ കുറവ് വരുമെന്നതാണ് ഒരു പ്രധാന കാര്യമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

യുകെയിലെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. പണപ്പെരുപ്പ നിരക്ക് ഇതിനൊപ്പം വര്‍ദ്ധിക്കുക കൂടി ചെയ്യുന്നതോടെ സാമ്പത്തിക സുരക്ഷയേക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിക്കും. ഉപഭോക്താക്കള്‍ ചെലവഴിക്കുന്ന പണത്തിന്റെ നിരക്ക് കുറയാന്‍ ഇത് കാരണമാകും. അടുത്ത കാലത്ത് സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്തിയിരുന്ന പൊതു വിപണി ഇതുമൂലം തകരുകയും സാമ്പത്തിക വളര്‍ച്ചയെത്തന്നെ ബാധിക്കുകയും ചെയ്യുമെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.