ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള സിക്ക് പേ സംബന്ധിച്ച നിയമങ്ങളിൽ വൻ മാറ്റങ്ങൾ നടപ്പിലാക്കി. ഏകദേശം 9.6 മില്യൺ തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് ട്രേഡ്സ് യൂണിയൻ കോൺഗ്രസ് (TUC) വ്യക്തമാക്കി . ഇതുവരെ നിയമാനുസൃതമായ സിക്ക് പേ ലഭിച്ചിരുന്ന 8.4 മില്യൺ പേർക്ക്, രോഗബാധിതരായ ആദ്യ ദിവസം മുതൽ തന്നെ വേതനം ലഭ്യമാകും എന്നതാണ് പ്രധാന മാറ്റം. മുമ്പ് മൂന്നു ദിവസം കാത്തിരിക്കേണ്ട അവസ്ഥ തൊഴിലാളികൾക്ക് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടിയിരുന്നു . ഈ പുതിയ സിക്ക് പേ റൂൾ തൊഴിലാളികൾക്ക് അസുഖം വന്നാലും വരുമാനം നഷ്ടപ്പെടാതെ ചികിത്സയ്ക്ക് സമയം കണ്ടെത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനുപുറമെ ആഴ്ചയിൽ £125-ൽ താഴെ വരുമാനം ലഭിക്കുന്നതിനാൽ ഇതുവരെ sick pay rule പ്രകാരം അർഹതയില്ലാതിരുന്ന ഏകദേശം 1.2 മില്യൺ തൊഴിലാളികൾക്കും ഇനി ആനുകൂല്യം ലഭിക്കും. കുറഞ്ഞ വേതനമുള്ള പാർട്ട്-ടൈം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഈ മാറ്റം കൂടുതൽ പ്രയോജനം നൽകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് . അസുഖം വന്നാലും ജോലി തുടരേണ്ടി വന്നിരുന്ന സാഹചര്യം ഒഴിവാക്കാനും, രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കുറയ്ക്കാനും ഈ sick pay rule സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കൂടാതെ, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുന്നതിലും ഇത് നിർണായകമാകും.

ഈ മാറ്റങ്ങൾ എംപ്ലോയ്മെൻറ് റൈറ്റ്സ് ആക്ട് 2025ന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. ലൈംഗിക പീഡനത്തിനെതിരായ ശക്തമായ സംരക്ഷണം, മാതൃത്വ-പിതൃത്വ അവധി, ട്രേഡ് യൂണിയൻ അംഗീകാരം എന്നിവയിലും നിയമത്തിൽ കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് . അതേസമയം, സിക്ക് പേ റൂൾ ഉൾപ്പെടെയുള്ള പുതിയ വ്യവസ്ഥകൾ ബിസിനസുകൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. വേതന വർധന, നികുതി വർധന, ഊർജ്ജവില ഉയർച്ച തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന സ്ഥാപനങ്ങൾ ഇതിനാൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയോ വില വർധിപ്പിക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് വ്യവസായ സംഘടനകൾ മുന്നോട്ട് വെയ്ക്കുന്ന വാദം.