ലണ്ടന്‍: ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിശോധനയുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്ന പുതിയ എന്‍എച്ച്എസ് ചാര്‍ജിംഗ് ചട്ടങ്ങള്‍ ചികിത്സാ നിഷേധത്തിന് ഇടയാക്കുമെന്ന് വിലയിരുത്തല്‍. അസുഖബാധിതരായി എത്തുന്ന സ്‌കൂള്‍ കുട്ടികള്‍ക്കും അബോര്‍ഷനായി എത്തുന്ന സ്ത്രീകള്‍ക്കും ചികിത്സ നിഷേധിക്കപ്പെട്ടേക്കാമെന്നാണ് കരുതുന്നതെന്ന് ചാരിറ്റികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒക്ടോബര്‍ 23 മുതല്‍ എന്‍എച്ച്എസ് ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ ചികിത്സക്കായി എത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണം. സൗജന്യ ചികിത്സക്ക് അര്‍ഹരാണോ എന്ന് തിരിച്ചറിയുന്നതിനാണ് ഇത്. അല്ലാത്തവരില്‍ നിന്ന് ചികിത്സക്കുള്ള പണം ഈടാക്കണമെന്നാണ് പുതിയ ചട്ടം.
എന്‍എച്ച്എസ് ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇംഗ്ലണ്ടിലെ കമ്യൂണിറ്റി ആന്‍ഡ് ഹെല്‍ത്ത് സര്‍വീസസ്, സ്‌കൂള്‍ നഴ്‌സിംഗ്, അബോര്‍ഷന്‍ സര്‍വീസുകള്‍, മെന്റല്‍ ഹെല്‍ത്ത് ചാരിറ്റികള്‍ എന്നിവയ്‌ക്കെല്ലാം ഈ നിയമം ബാധകമാണ്. ജിപി സര്‍വീസുകളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ചാരിറ്റികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. സമൂഹത്തിലെ ദുര്‍ബലരായ പലര്‍ക്കും ചികിത്സ അപ്രാപ്യമാകുമെന്നും പലരും ചികിത്സ തേടാന്‍ പോലും ഭയക്കുമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ ആശുപത്രികളില്‍ ഈ സംവിധാനം നിലവില്‍ വന്നിരുന്നു.
ചികിത്സക്കു മുമ്പായി ഇമിഗ്രേഷന്‍ പരിശോധന നടത്തുന്ന രീതിക്കെതിരെ ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു. ആശുപത്രികളില്‍ ചികിത്സ തേടുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന നടപടിയാണ് ഇതെന്നും സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഇതുമൂലം സൃഷ്ടിക്കപ്പെടാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കമ്മ്യൂണിറ്റി മിഡി വൈഫറി, അഡ്വോക്കസി സര്‍വീസ്, ഭവനരഹിതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള സ്‌പെഷ്യലിസ്റ്റ് സര്‍വീസ്, ലോക്കല്‍ അതോറിറ്റികള്‍ക്ക് കീഴിലുള്ള പബ്ലിക് ഹെല്‍ത്ത് സര്‍വീസുകള്‍ എന്നിവയ്ക്കും ഇത്തരം പരിശോധനകള്‍ നടത്തണമെന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
Leave a Reply