ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- കേരളത്തിൽ നിന്നുള്ള നേഴ്‌സുമാർക്ക് എൻ എച്ച് എസിന്റെ ഉയർന്ന തലങ്ങളിൽ കൂടുതൽ പ്രാതിനിധ്യം ആവശ്യമാണെന്ന് മനസ്സിലാക്കി മലയാളി നേഴ്സുമാരെ പിന്തുണയ്ക്കുന്നതിനായി യു കെയിൽ പുതിയ സംഘടന രൂപീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നായ കേരളമാണ് രാജ്യത്തെ ഭൂരിഭാഗം നഴ്‌സുമാരെയും പരിശീലിപ്പിക്കുന്നത്. കൂടാതെ ഈ നേഴ്‌സുമാരിൽ പലരും യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് ജോലിക്കായി കുടിയേറുകയും ചെയ്യുന്നുണ്ട്. എൻഎച്ച്എസ് ജീവനക്കാരുടെ വലിയൊരു ഭാഗം മലയാളി നേഴ്സുമാർ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, തീരുമാനമെടുക്കുന്ന തലങ്ങളിൽ തങ്ങൾക്ക് ആവശ്യമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് കേരളത്തിൽ നിന്നുള്ള നേഴ്സുമാർ വ്യക്തമാക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് അലയൻസ് ഓഫ് സീനിയർ കേരള നേഴ്‌സസ് (എ എസ് കെഇ എൻ ) എന്ന പേരിൽ ഒരു പുതിയ ഗ്രൂപ്പ് ജൂണിൽ ആരംഭിക്കുന്നത്. നേഴ്സുമാരെ പ്രമോഷനുകൾക്കായി അപേക്ഷിക്കുന്നതിനും, കേരളത്തിൽ നിന്നും പുതുതായി വരുന്നവർക്ക് മെന്ററിംഗും മറ്റ് സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും, നേതൃസ്ഥാനങ്ങളിൽ ഇതിനകം ഉള്ളവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും ഈ സംഘടന സഹായിക്കും.

യുകെ മലയാളി നേഴ്‌സസ് അസോസിയേഷൻ ഉൾപ്പെടെയുള്ള കേരളത്തിലെ നേഴ്‌സുമാരെ ഇതിനകം പ്രതിനിധീകരിക്കുന്ന നിലവിലുള്ള സംഘടനകളുമായി പൂർണ്ണമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് എ എസ് കെഇ എൻ വ്യക്തമാക്കി. ജൂൺ 8 ന് ഹൗസ് ഓഫ് കോമൺസിൽ വെച്ച് ഈ സംഘടന ഔദ്യോഗികമായി ആരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിംഗ് ഓഫീസറായ ഡേമ് രൂത്ത്, ഡെപ്യൂട്ടി ചീഫ് ഓഫീസറായ ഡങ്കൻ ബർട്ടൻ, എൻ എം സി അസിസ്റ്റന്റ് ഡയറക്ടർ സാമന്ത ഡോണോഹ്യു, ഫ്ലോറൻസ് നൈറ്റിംഗിൽ ഫൗണ്ടേഷൻ ആഗോള മേധാവി ജെന്നിഫർ ക്യാഗുവ തുടങ്ങിയവർ പങ്കെടുക്കും. പുതിയ സംഘടനയുടെ ജനറൽ സെക്രട്ടറിയായി 12 വർഷങ്ങളായി യുകെയിൽ നേഴ്സ് ആയി പ്രവർത്തിക്കുന്ന മലയാളി ബിജോയ് സെബാസ്റ്റ്യനാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എൻഎച്ച്എസിലെ കേരളത്തിൽ നിന്നുള്ള നേഴ്‌സുമാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ സീനിയർ മാനേജ്‌മെന്റിലുള്ള നേഴ്സുമാരുടെ എണ്ണം വളരെ കുറവാണെന്ന് ബിജോയ്‌ നേഴ്സിംഗ് ടൈംസിനോട് വ്യക്തമാക്കി. എന്നാൽ ഉയർന്ന പദവിയിൽ എത്തിയിരിക്കുന്നവർക്ക് ആവശ്യമായ പിന്തുണയും ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ ഇത്തരം ഒരു സംഘടന മലയാളി നേഴ്സുമാർക്ക് കൂടുതൽ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ നിന്ന് പുതുതായി വരുന്നവർക്ക് ഗ്രൂപ്പിൽ അംഗത്വം നൽകുവാൻ പരമാവധി ശ്രമിക്കും എന്നും അവരെ ആവശ്യമായ എല്ലാ ഘട്ടങ്ങളിലും സഹായിക്കുമെന്നും സംഘടന അധികൃതർ വ്യക്തമാക്കി. കേരളത്തിലെ നേഴ്‌സുമാർക്ക് “ദേശീയവും തന്ത്രപരവുമായ” ശബ്ദം നൽകുകയെന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും എൻഎച്ച്എസ് ഇംഗ്ലണ്ടിനൊപ്പം സുഗമമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എ എസ് കെഇ എൻ കോ-ചെയർ ലീന വിനോദ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇത്തരം ഒരു സംഘടന എല്ലാ മലയാളി നേഴ്സുമാർക്കും പ്രതീക്ഷകൾ നൽകുന്നതാണ്.