കൊല്ലം കരുനാഗപ്പള്ളിയില്‍ അമ്മ 2 പെണ്‍മക്കള്‍ക്കൊപ്പം തീ കൊളുത്തി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സൗത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പുത്തൻ കണ്ടത്തില്‍ താര (35), മക്കളായ ആത്മിക (6), അനാമിക (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.
കോട്ടയം പേരൂരില്‍ മീനച്ചിലാറ്റില്‍ ചാടിയ അഭിഭാഷകയും 2 മക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കല്‍ ജിമ്മിയുടെ ഭാര്യ ജിസ്മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.
കരുനാഗപ്പള്ളി ആദിനാട് പെണ്‍മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം അമ്മയായ താര സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരയും തൊട്ട് പിന്നാലെ പെണ്‍കുട്ടികളും മരിച്ചത്.
കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. ഭർത്താവിൻ്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൂവരുടെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മീനച്ചിലാറ്റില്‍ മക്കളോടൊപ്പം ജീവനൊടുക്കിയ ജിസ്മോള്‍ മുത്തോലി പഞ്ചായത്ത് മുൻ അംഗവും 2019- ’20 കാലയളവില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ആയിരുന്നു. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിക്കുകയായിരുന്നു.
കോട്ടയം അയർക്കുന്നം റോഡില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ ഉടമയാണ് യുവതിയുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടികള്‍ക്ക് വീട്ടില്‍ വെച്ച് വിഷം നല്‍കിയ ശേഷം ജിസ്മോള്‍ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് ശേഷം സ്കൂട്ടറില്‍ കയറി കടവില്‍ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ ഇവരെ കരയ്ക്കെത്തിച്ച് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ആശുപത്രിയില്‍ പോയിരുന്നു. അവർ എത്തുന്നതിന് മുമ്ബാണ് ആത്മഹത്യ. സ്കൂട്ടറില്‍ മക്കളുമായി എത്തിയ ജിസ്‌മോള്‍, മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു.
ജിസ്മോളുടെ ഭർത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ഇതുവരേയും കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. ബന്ധുക്കളും നാട്ടുകാരും സംഭവത്തിൻ്റെ ഞെട്ടലാണ്.
Leave a Reply